തൊടുപുഴ: ലഹരി കാൻസർ പോലെ സമൂഹത്തിൽ പടർന്ന് പിടിക്കുമെന്ന് തൊടുപുഴ ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് കെ.ആർ. ഗോപാലൻ പറഞ്ഞു. കേരളകൗമുദിയും എക്‌സൈസും തൊടുപുഴ ജില്ലാ സഹകരണ ആശുപത്രിയും സംയുക്തമായി എ.പി.ജെ അബ്ദുൾകലാം ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിയുടെ ഉപയോഗം മൂലം തനിക്കും സമൂഹത്തിനുമുണ്ടാകുന്ന ദോഷം നാം തിരിച്ചറിയണം. വിദ്യാർത്ഥികൾ ഇത്തരം ലഹരിയുടെ വലയിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പൽ വി.ആർ. ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി ചീഫ് സബ് എഡിറ്റർ പി.ടി. സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സഹകരണ ആശുപത്രി ചീഫ് ഫിസിഷ്യൻ ഡോ. റെജി ജോസ് ക്ലാസ് നയിച്ചു. വിമുക്തി ജില്ലാ കോർഡിനേറ്റർ ഡിജോ ദാസ് ലഹരി വിരുദ്ധ സന്ദേശം നൽകി. കവി അഡ്വ. സുകുമാർ അരിക്കുഴ ലഹരിവിരുദ്ധ കവിത ചൊല്ലി. സ്കൗട്ട് ആന്റ് ഗൈഡ് റെയ്ഞ്ചർ ലീഡർ അമ്പിളി പി.ജെ. സ്വാഗതവും എൻ.എസ്.എസ് വോളന്റിയർ ഗോപിക മനോജ് നന്ദിയും പറഞ്ഞു.