avirbhav

 ഹിന്ദി റിയാലിറ്റി ഷോയിൽ വിജയിയായി നെടുങ്കണ്ടംകാരൻ

നെടുങ്കണ്ടം: ഹിന്ദി സംഗീത റിയാലിറ്റി ഷോ ആയ സൂപ്പർസ്റ്റാർ സിങ്ങർ 3 യിൽ വിജയിയായി നെടുങ്കണ്ടത്ത് നിന്നുള്ള ഏഴുവയസുകാരൻ. ഏഴു മുതൽ 15 വയസുവരെയുള്ള 15 ഗായകരോടൊപ്പം മുംബൈയിൽ പോയി പാടിയാണ് രാമക്കൽമേട് സ്വദേശി ബാബുക്കുട്ടൻ എന്ന് വിളിക്കുന്ന എസ്. ആവിർഭവ് സംഗീതപ്രേമികളുടെ മനം കവർന്നത്. മറ്റൊരു മത്സാർത്ഥിയായ അഥർവ ബക്ഷിക്കൊപ്പമാണ് ആവിർഭവ് വിജയം പങ്കിട്ടത്. ഇരുവർക്കും 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. അവിശ്വസനീയമായ പ്രകടനമാണ് സീസണിലുടനീളം കുഞ്ഞ് ആവിർഭവ് കാഴ്ചവെച്ചത്. ഗായകരിലെ 'ഷാരൂഖ്ഖാൻ' എന്നാണ് ഈ കുഞ്ഞുഗായകനെ റിയാലിറ്റി ഷോയിലെ വിധികർത്താക്കൾ വിശേഷിപ്പിച്ചത്. 'ചിട്ടി ആയിഹേ' എന്ന ഗാനത്തിലൂടെയാണ് ഏറെ ശ്രദ്ധേയനായത്. ആലാപന മികവുകൊണ്ട് ഇന്ത്യയിലെമ്പാടും ആരാധകരെ സൃഷ്ടിക്കാൻ ആവിർഭവിന് കഴിഞ്ഞു. രാജേഷ് ഖന്ന സ്‌പെഷ്യൽ എപ്പിസോഡിൽ കോരാ കാഗസ്, മേരാസപ്‌നോ കീ റാണി തുടങ്ങിയ ഗാനങ്ങൾ പാടിയാണ് അഭിനവ് വിധികർത്താക്കഴുടെ മനസിൽ ഇടം നേടിയത്. റിയാലിറ്റി ഷോയായ ഫ്ളവേഴ്സ് ടോപ് സിങ്ങറിലും മത്സരിച്ചിരുന്നെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാൽ ഇടയ്ക്കുവെച്ച് നിറുത്തി. ഒന്നര വയസുള്ളപ്പോൾ സഹോദരിയോടൊപ്പം ഹൈദരാബാദിൽ പോയി സ്റ്റേജിൽ കയറി തെലുങ്കിൽ സരിഗമ ഷോയിൽ പാടിയായിരുന്നു തുടക്കം. ബെസ്റ്റ് എന്റർടെയിനർ അവാർഡ് നേടി.

രാമക്കൽമമട് കപ്പിത്താൻപറമ്പിൽ സജിമോൻ സന്ധ്യ ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവനാണ് ആവിർഭവ്. സഹോദരി അനർവിന്യയും റിയാലിറ്റിഷോ താരമാണ്. ഇരുവരും സമൂഹ്യമാദ്ധ്യമങ്ങളിൽ സജീവമാണ്. 9.5 ലക്ഷം പേരാണ് ഇവരുടെ യൂട്യൂബ് ചാനൽ സബ്സ്‌ക്രൈബ് ചെയ്തത്. അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആവിർഭവ്. കോഴിക്കോട് സ്വദേശി ആനന്ദ് കാവുംവട്ടത്തിന്റെ ശിക്ഷണത്തിലാണ് സംഗീതം പഠിക്കുന്നത്. ഗായികയായ സഹോദരി അനർവിന്യ പ്ലസ്ടു വിദ്യാർഥിനിയാണ്. ഇവർ ഇപ്പോൾ കുടുംബസമേതം അങ്കമാലിയിലാണ് താമസം.

'ഷോ വിജയിച്ചെന്നത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഒരുപാട് സന്തോഷമുണ്ട്. അർജിത് സിങ്ങിനെപ്പോലെ ഒരു ഗായകനാകണമെന്നാണ് ആഗ്രഹം"

-ആവിർഭവ്