പീരുമേട് : ലാൻട്രത്ത് ജനവാസ മേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഈ പ്രദേശത്ത് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നു. ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞതോടെയാണ് വനം വകുപ്പിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണം ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പുലിയെ പിടികൂടാൻ കൂടും സ്ഥാപിച്ചു.

കഴിഞ്ഞദിവസം രാത്രിയാണ് പ്രദേശവാസിയായ മണികണ്ഠന്റെ പശുക്കിടാവിനെ പുലി ആക്രമിച്ചു കൊന്നത് .തോട്ടംമേഖലയായ പീരുമേട് പാമ്പനാർ ലാൻട്രത്ത് തോട്ടം തൊഴിലാളികൾ ഉൾപ്പടെ നിരവധി പേർ തിങ്ങിപ്പാർക്കുന്ന ലയങ്ങളുടെ സമീപത്താണ് പുലി എത്തിയത്. വനം വകുപ്പ് അധികൃതർ ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തിയതിന് ശേഷം സ്ഥിതീകരണത്തിനായി ഇവിടെ ക്യാമറ സ്ഥാപിച്ചിരുന്നു.പശുക്കിടാവിനെ കൊന്ന അതേ സ്ഥലത്തുതന്നെയാണ് ക്യാമറ സ്ഥാപിച്ചത് .ഇന്നലെ രാത്രി വീണ്ടും പശുക്കിടാവിന്റെ ബാക്കി ഭാഗങ്ങൾ ഭക്ഷിക്കുവാൻ പുലിയെത്തി ഇതോടെ പുലിയുടെ ദൃശ്യം ക്യാമറയിലും പതിഞ്ഞു.