road
പെരുമറ്റത്തിന് സമീപം റോഡിലേക്ക് വളർന്ന കാടും വള്ളിപ്പടർപ്പും

മുട്ടം: അപകട സാധ്യതയുള്ള പ്രദേശമാണെന്നും അതീവ ജാഗ്രതയോടെ വാഹനങ്ങൾ ഡ്രൈവ് ചെയ്യണമെന്നും മോട്ടോർ വാഹന- പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ കണ്ടെത്തിയ പാതയിൽ കാടും വള്ളിപ്പടർപ്പുകളും പാഴ് മരങ്ങളും വളർന്ന് വാഹന ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നു. മലങ്കര പെരുമറ്റത്ത് മുസ്ലിംപള്ളിക്ക് സമീപം പുഴയോരത്ത് റോഡിന് വീതി കൂട്ടിയ ഭാഗത്താണ് അപകടക്കെണി. ചെറുതും വലുതുമായ അനേകം വാഹനങ്ങൾ നിത്യവും കടന്ന് പോകുന്ന സംസ്ഥാന പാതയുടെ ഭാഗമായ തൊടുപുഴ- മുട്ടം റൂട്ടിലാണ് ഈ സ്ഥിതി. റോഡിന്റെ ഇരു വശങ്ങളിലും കാടും വള്ളിപ്പടർപ്പും വളർന്ന് അപകടാവസ്ഥയാണെങ്കിലും തൊടുപുഴ റൂട്ടിൽ നിന്ന് മുട്ടം ഭാഗത്തേക്ക് വരുന്ന വാഹനങ്ങളെയാണ് ഇത് ഏറ്റവും കൂടുതലായി ബാധിക്കുന്നത്. പുഴയുടെ തീരത്തുള്ള ഇഞ്ചമുള്ളും വ്യാപകമായി റോഡിലേക്ക് വളർന്നിട്ടുണ്ട്. റോഡിലെ അപകടക്കെണി സംബന്ധിച്ച് പരിചയമില്ലാത്ത ഇരുചക്ര വാഹന യാത്രക്കാരുടെയും കാൽ നട യാത്രക്കാരുടെയും കണ്ണിൽ ഇവ കൊണ്ട് അപകടമുണ്ടാകാനുള്ള സാദ്ധ്യതയും ഏറെയാണ്. വാഹനങ്ങൾ കടന്ന് വരുമ്പോൾ കാൽനട യാത്രക്കാർക്ക് അരികിലേക്ക് ഒതുങ്ങി നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. വളവും ഇറക്കവും കയറ്റവുമുള്ള പ്രദേശമായതിനാൽ ഇരു വശങ്ങളിൽ നിന്നും വരുന്ന വാഹന ഡ്രൈവർമാർക്ക് പരസ്പരം കാണാൻ കഴിയാത്തതും ഏറെ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പ്രശ്ന പരിഹാരത്തിന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പെരുമറ്റം ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.

സിഗ്സാഗ് ലൈൻ പോലും കാണാനില്ല

അപകട സാദ്ധ്യതയുള്ള പ്രദേശമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് റോഡിന്റെ ഇരുവശങ്ങളിലും സിഗ്‌സാഗ് ലൈൻ അടയാളപ്പെടുത്തിയിട്ടുമുണ്ട്. ഇത്തരം സ്ഥലങ്ങളിൽ വാഹനങ്ങൾ നിറുത്താനോ പാർക്ക് ചെയ്യാനോ പാടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ, സിഗ്സാഗ് ലൈൻ കാണാൻ സാധിക്കാത്ത വിധത്തിലാണ് ഇവിടെ റോഡിലേക്ക് കാടും വള്ളിപ്പടർപ്പും വളർന്നിട്ടുള്ളത്.