തൊടുപുഴ: സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിപണി ലക്ഷ്യമിട്ട് ലഹരി മാഫിയ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കുന്നു. പൊലീസും എക്‌സൈസും പരിശോധന ശക്തമാക്കിയിട്ടും ലഹരിയുടെ കടത്തലും ഉപയോഗവും മുമ്പെങ്ങുമില്ലാത്ത വിധം നാട്ടിൽ വ്യാപകമാകുകയാണ്.വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരിയ്ക്ക് അടിമപ്പെടുത്തി പിന്നീട് കച്ചവടത്തിന് ഇറക്കുന്നതാണ് ലഹരി മാഫിയയുടെ തന്ത്രം. കാരിയറായി പോകുന്നവരെ ഒറ്റിക്കൊടുത്ത് പിടിപ്പിക്കുന്ന പണിയും സംഘത്തിനുണ്ട്. കുറഞ്ഞ അളവിൽപ്പോലും വലിയ വില ലഭിക്കുന്നതിനാൽ കടത്താനും എളുപ്പമാണ്. ഒരിക്കൽ പിടിക്കപ്പെടുന്നവർ പിന്തിരിഞ്ഞ് പോകില്ലെന്നും വീണ്ടും വിൽപ്പനക്കാരാകുന്നതും പതിവാണ്. ലഹരി കടത്തിന് ഇടനിലക്കാരായി പെൺകുട്ടികളും രംഗത്തുണ്ട്. ലഹരി വാങ്ങാനുള്ള പണത്തിനായി ഇതിന് അടിമകളായവർ എന്തു മാർഗവും സ്വീകരിക്കും. ഇത് യുവാക്കളെ ക്രിമിനൽ പ്രവണതകളിലേക്ക് നയിക്കും. ന്യൂജൻ ലഹരികൾക്ക് പ്രത്യേകിച്ച് മണമോ മറ്റോ ഇല്ലാത്തതിനാൽ
=വിൽപ്പന നടത്തുന്നതിനിടെ ഹാഷിഷ് ഓയിലും എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കൾകഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
കുമ്മൻകല്ല് കുപ്പശ്ശേരിയിൽ വീട്ടിൽ മാഹിൻ ബഷീർ (24), തീക്കോയി നടയ്ക്കൽ ആനിയിലാത്ത് വീട്ടിൽ മുഹമ്മദ് അൻസിബ് (22), കടവൂർ കുഞ്ഞാനിക്കൽപറമ്പിൽ ആദിശേഷ് (18) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് 1.19 ഗ്രാം എം.ഡി.എം.എ.യും 2.17 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ഒരു ഹോട്ടലിന്റെ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് ലഹരി വസ്തുക്കൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ പിടിയിലാകുകയായിരുന്നു.
=വ്യാജമായി കുറിപ്പടി തയ്യാറാക്കി ഗുളികകൾ വാങ്ങി ലഹരിയ്ക്കായി ഉപയോഗിക്കുന്ന യുവാവ് പിടിയിലായത് രണ്ടാഴ്ച്ച മുമ്പാണ്
=ശനിയാഴ്ച്ച പൊലീസും എക്‌സൈസും തൊടുപുഴയിൽ നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി 5.6 കിലോ കഞ്ചാവ് പിടികൂടി. എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ ഇടവെട്ടി നടയം ഭാഗത്ത് പൈനാപ്പിൾ തോട്ടത്തിനോട് ചേർന്നുള്ള തൊണ്ടിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 3.6 കിലോ കഞ്ചാവ് കണ്ടെത്തി.
തൊടുപുഴ നഗരത്തിൽ പൊലീസ് നടത്തിയ വാഹനപരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി ഒരാൾ പിടിയിലായി. തൊടുപുഴ ആനക്കൂട് സ്വദേശി പള്ളിപ്പാട്ട് വീട്ടിൽ ശ്രീകുമാറാണ് (44) പിടിയിലായത്. തൊടുപുഴ മങ്ങാട്ടുകവല നാലുവരിപാതയിൽ നടത്തിയ പരിശോധനയ്ക്കിടെ റോഡിൽ പൊലീസ് പരിശോധന കണ്ടതോടെ ഓടിച്ചിരുന്ന ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ തുടങ്ങിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ഡ്രൈവർ സീറ്റിനടിയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു കഞ്ചാവ്.
നിയമത്തിൽനിന്നും
പഴുതും
ഒരു കിലോയിൽ താഴെ കഞ്ചാവ് കൈവശംവച്ചതിന് പിടിക്കപ്പെട്ടാൽ സ്റ്റേഷൻ ജാമ്യം ലഭിക്കും. ഇത് മുതലാക്കി ചെറിയ അളവുകളിലാകും വിൽപ്പനക്കാർ കഞ്ചാവ് കൈവശം വയ്ക്കുക. പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെങ്കിലും ഭൂരിഭാഗം പ്രതികളും തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെടുന്നതാണ് പതിവ്.
എം.ഡി.എം.എ എന്ന
കാളകൂട വിഷം
കഞ്ചാവ് പോലുള്ള നാച്ചുറൽ ലഹരികളിൽ നിന്ന് മാറി സിന്തറ്റിക് ലഹരിയുടെ ഉപയോഗം കൂടുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പും പോലുള്ളവയാണ് സിന്തറ്റിക് ലഹരികൾ. ഇവയ്ക്ക് വില കൂടുതലാണെങ്കിലും സൂക്ഷിക്കാനും ഉപയോഗിക്കാനും എളുപ്പമാണെന്നതും മണിക്കൂറുളോളം ലഹരി നിൽക്കുമെന്നതുമാണ് ലഹരി ഉപയോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്ന ഘടകം. മറ്റ് ലഹരികളിൽ നിന്ന് വ്യത്യസ്തമായി പെട്ടെന്നുണ്ടാകുന്ന ഉന്മാദാവസ്ഥയാണ് മയക്കുമരുന്നുകൾക്ക് അടിമപ്പെട്ടവരെ എം.ഡി.എം.എ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്. ഒരു തവണ ഉപയോഗിച്ചാൽ തന്നെ അടിമപ്പെടും. ഉപയോഗിക്കുന്ന വ്യക്തിയുടെ വിശപ്പ് കെട്ടുപോകും. ഹൃദയമിടിപ്പ് കൂടുകയും രക്തസമ്മർദ്ദത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുകയും ചെയ്യും. ഉപയോഗം തുടങ്ങി കുറഞ്ഞ കാലയളവിൽ തന്നെ വ്യക്തിയുടെ ആരോഗ്യം ക്ഷയിക്കുകയോ മരണപ്പെടുകയോ ചെയ്യാം.