മൂന്നാർ: ദേശീയ പാത 85ന്റെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ മണ്ണിടിയുന്നതും ഗതാഗതം മുടങ്ങുന്നതും തുടർക്കഥയായിട്ടും ഒന്നും ചെയ്യാനാകാതെ അധികൃതർ. ഒരാഴ്ച മുമ്പ് പെയ്ത ശക്തമായ മഴയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് മുടങ്ങിയ ഗതാഗതം ഇനിയും പൂർണതോതിൽ പുനഃസ്ഥാപിക്കാനായില്ല. ഇതുവഴിയുള്ള ഗതാഗതത്തിന് നിലവിൽ നിയന്ത്രണമുണ്ട്. ചിന്നക്കനാൽ മേഖലയിൽ പഠിക്കാൻ പോകുന്ന മൂന്നാർ ഭാഗത്ത് നിന്നുള്ള വിദ്യാർത്ഥികളെയാണ് ഗതാഗതനിയന്ത്രണം കൂടുതൽ വലയ്ക്കുന്നത്.

2017ൽ നിർമ്മാണം ആരംഭിച്ച ശേഷം രണ്ട് ഡസനോളം തവണയണ് ഇവിടെ വലിയ മലയിടിച്ചിലുണ്ടായത്. 2019 ഒക്ടോബർ എട്ടിനും 11നുമുണ്ടായ ഇടിച്ചിലുകളായിരുന്നു ഇവയിൽ ഭീകരം. 11നുണ്ടായ മലയിടിച്ചിലിൽ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളി മണ്ണിനടിയിൽപ്പെട്ട് മരിയ്ക്കുകയും മറ്റൊരാളെ കാണാതാകുകയും ചെയ്തിരുന്നു. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ റോഡ് നിർമ്മിച്ചതും വൻപാറക്കെട്ടുകൾ അനധികൃതമായി പൊട്ടിച്ചുനീക്കിയതും മൂലമാണ് മലയിടിഞ്ഞതെന്നു ദേവികുളം സബ് കളക്ടറായിരുന്ന രേണുരാജ് അന്ന് റിപ്പോർട്ട് നൽകിയിരുന്നു. അത് അവഗണിച്ച് പാറപൊട്ടിക്കലും നിർമ്മാണപ്രവർത്തനങ്ങളും തുടർന്നു. ഇതിന്റെ പരിണിതഫലമായി പിന്നീട് പലപ്പോഴായി വൻതോതിലുള്ള മണ്ണിടിച്ചിലാണ് ഇവിടെയുണ്ടായത്. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ നിന്ന് യാതൊരു മാനദണ്ഡവും പാലിക്കാതെ വൻതോതിൽ പാറ പൊട്ടിച്ച് കടത്തിയ സംഭവത്തിൽ കരാർ കമ്പനിക്കെതിരെ കേസെടുക്കാൻ മുമ്പ് നെടുങ്കണ്ടം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഗ്യാപ്പ് റോഡിൽ നടന്ന അനധികൃത ഖനനത്തിൽ 91 കോടി രൂപയുടെ പരിസ്ഥിതി നാശമുണ്ടായെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടുമുണ്ടായിരുന്നു. മലയിടിച്ചിലിൽ 17.24 ഹെക്ടർ സ്ഥലത്തെ കൃഷി ഭൂമി നശിച്ചതായും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ കരാറുകാരനിൽ നിന്ന് ഈ തുക ഈടാക്കാനോ നിയമനടപടി സ്വീകരിക്കാനോ അധികൃതർ തയ്യാറായില്ല.

തകർത്തത് ചരിത്ര പാത

1924ലെ പ്രളയത്തിൽ മൂന്നാർ ടോപ്പ് സ്റ്റേഷനിലെ മോണോ റെയിൽ സംവിധാനം തകർന്നതിനെ തുടർന്ന് തമിഴ്നാട്ടിലേക്കും കേരളത്തിലേക്കുമുള്ള ചരക്ക് ഗതാഗതം പൂർണമായും നിലച്ചപ്പോൾ റെയിലിന് ബദലായി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് ദേവികുളം ഗ്യാപ്പ് റോഡ്. അതീവപരിസ്ഥിതി ദുർബലമായ പ്രദേശത്ത് തീർത്തും പ്രകൃതിസൗഹൃദമായിട്ടായിരുന്നു നിർമ്മാണം. ലോക്ഹാർട്ട് ഗ്യാപ്പെന്നും ഇവിടം അറിയപ്പെടുന്നു. ഇത് പിന്നീട് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായി. മൂന്നാറിൽ നിന്ന് 14 കിലോമീറ്ററാണ് ഗ്യാപ്പിലേക്കുള്ള ദൂരം. ഇവിടെ ചില ഭാഗത്ത് റോഡിന് വീതി തീരെ കുറവായിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം 2017 ആഗസ്റ്റിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ റോഡ് വീതി കൂട്ടാൻ ആരംഭിച്ചു. ഇതിനായി 381 കോടി രൂപയാണ് ഉപരിതല ഗതാഗതവകുപ്പ് അനുവദിച്ചത്. രണ്ടു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കൊച്ചി കേന്ദ്രമായ റോഡ് നിർമ്മാണ കമ്പനിയ്ക്ക് റോഡ് നിർമ്മിക്കുന്നതിലല്ല, പാറ പൊട്ടിച്ച് കടത്തുന്നതിൽ മാത്രമായിരുന്നു താത്പര്യം.

'കനത്ത മഴ മൂലം ദേവികുളം ഗ്യാപ്പ് റോഡിലേക്ക് ഇടിഞ്ഞു വീണെത്തിയിട്ടുള്ള കല്ലും മണ്ണും നീക്കുന്നത് സംബന്ധിച്ച നിർദ്ദേശം ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയിട്ടുണ്ട്. "

-ദേവികുളം സബ് കളക്ടർ വി.എം. ജയകൃഷ്ണൻ