മൂന്നാർ: പെട്ടിമുടി ദുരന്തത്തിന്റെ നാലാം വർഷവും അവരെത്തി, തങ്ങളുടെ ഉറ്റവർ ഉറങ്ങുന്ന മണ്ണിൽ. മരണം ഇരുളിൽ ഉരുളായി പെയ്തിറങ്ങിയ രാത്രി ഇന്നും പലർക്കും ഞെട്ടിക്കുന്ന ഓർമ്മകളാണ്. ഒരു രാത്രികൊണ്ട് തങ്ങൾ സമ്പാദിച്ചതെല്ലാം മണ്ണിൽ അലിഞ്ഞു ചേർന്ന പെട്ടിമുടിയുടെ ദുഃഖം മുഴുവൻ ഇന്ന് എല്ലാവരും ഒരുമിച്ച് അന്തിയുറങ്ങുന്ന പൊതുശ്മശാനത്തിൽ കാണാൻ കഴിഞ്ഞു. രാവിലെ സർവമത പ്രാർത്ഥന ചടങ്ങുകളോടെയാണ് അനുസ്മരണ ദിനം ആരംഭിച്ചത്. വിവിധ മതവിഭാഗങ്ങളിലെ മത പുരോഹിതന്മാർ പ്രാർത്ഥന ചടങ്ങുകൾക്ക് നേതൃത്വം നൽകി. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. കമ്പനി മാനേജിംഗ് ഡയറക്ടർ മാത്യു എബ്രഹാം സ്മൃതിമണ്ഡപങ്ങളിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. എ. രാജ എം.എൽ.എയും ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് മിൻസി റോബിൻസണും രാവിലെ മുതൽ പെട്ടിമുടിയിൽ ഉണ്ടായിരുന്നു. ദുരന്തത്തിൽ മരണപ്പെട്ടവരോടുള്ള ആദരമായി എല്ലാ എസ്റ്റേറ്റുകളിലും രാവിലെ ഒമ്പതിന് ജോലികൾ നിർത്തിവച്ച് ഏതാനും നിമിഷങ്ങൾ സ്മരണാഞ്ജലികൾ അർപ്പിച്ചു. തമിഴ്നാട്ടിൽ നിന്ന് നിരവധി ബന്ധുക്കളും പ്രാർത്ഥനകൾക്കായി പെട്ടിമുടിയിൽ എത്തിയിരുന്നു. ദുരന്തത്തിൽ സകലവും നഷ്ടപ്പെട്ട് നിരാശരായിരുന്നവർ വയനാട് ദുരിതത്തിലകപ്പെട്ടവർക്കായി പണം സമാഹരിക്കാനും മറന്നില്ല. തോട്ടം തൊഴിലാളികൾ സമാഹരിക്കുന്ന 70 ലക്ഷം രൂപയാണ് വയനാട് ജനതയ്ക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്നത്.