നെടുങ്കണ്ടം: ദാരിദ്ര്യത്തിനും കഷ്ടപാടിനും കുറവില്ലെങ്കിലും അതെല്ലാം മറന്ന് വയനാട് ദുരന്തത്തിലെ ദുരിതബാധിതർക്കായി സ്വന്തം കുടുക്ക കൈമാറിയിരിക്കുകയാണ് പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ദിയ ഭരത്. ഒരു സൈക്കിൾ വാങ്ങാൻ കൊതിച്ച് ദിയ കിട്ടുന്ന നാണയ തുട്ടുകളെല്ലാം ഒരു വർഷമായി കുടുക്കയിൽ സൂക്ഷിക്കുന്നു. എന്നാൽ മുണ്ടക്കൈയിലെ ജനങ്ങളുടെ ദുരിതം കണ്ടപ്പോൾ തനിക്ക് സൈക്കിൾ വാങ്ങുന്നതിനേക്കാൾ ആവശ്യം വയനാട്ടിലെ ദുരിതബാധിതർക്കാണെന്ന് ഈ കൊച്ചു മിടുക്കി തിരിച്ചറിഞ്ഞു. ദിയ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ രോഗബാധിതനായി അച്ഛൻ മരിച്ചതാണ്. ഒരുപാട് പ്രതിസന്ധികൾക്കിടിയിൽ വളരുന്ന ദിയയ്ക്ക് അതുകൊണ്ടുതന്നെ ദുരന്തത്തിലകപ്പെട്ടവരുടെ കഷ്ടപ്പാടും ബുദ്ധിമുട്ടും നന്നായി അറിയാം. സ്‌കൂൾ ഹെഡ്മാസ്റ്റർ പി.കെ. ബിജു ദിയയിൽ നിന്ന് പണം കൈപ്പറ്റി. ദിയ എല്ലാ കുട്ടികൾക്കും മാതൃകയാണെന്ന് ഹെഡ്മാസ്റ്റർ ബിജു പുളിക്കലേടത്ത് അറിയിച്ചു. യു.കെ.ജി വിദ്യാർത്ഥിയായ ആരവ് സൽജി ചോറ്റാനിക്കര അമ്പലത്തിൽ പോകാൻ സൂക്ഷിച്ചിരുന്ന കുടുക്കയിലെ പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.