നെടുംകണ്ടം: ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷം വയനാട്ടിലെ പ്രകൃതി ദുരന്തത്തെ തുടർന്ന് ആഡംബരങ്ങൾ ഒഴിവാക്കി നടത്താൻ എസ്. എൻ. ഡി. പിയോഗം നെടുങ്കണ്ടം യൂണിയൻ കൗൺസിൽ തീരുമാനിച്ചു.
മനുഷ്യനെ സേവിക്കുന്നതിലൂടെ മാത്രമേ ഈശ്വരനെ പൂജിക്കാൻ കഴിയൂ എന്ന ഗുരുദേവ തത്വം ഉൾക്കൊണ്ട് ഘോഷയാത്രയിൽ ചെലവ് കുറച്ച് ചതയ ദിനാഘോഷം നടത്തുന്നതിനും ഇതിലൂടെ ലഭിക്കുന്ന പണം വയനാട്ടിലെ ദുരിതമനുഭവിക്കുന്നവർക്ക് നൽകും. ജയന്തി ദിനത്തിൽ ലളിതമായ ഘോഷയാത്രകളും സ്‌കോളർഷിപ് വിതരണവും അന്നദാനവും മാത്രം നടത്തി 'ഗുരുദക്ഷിണ വയനാടിന്' എന്ന ലക്ഷ്യത്തോടെ അന്ന് ലഭിക്കുന്ന കാണിക്ക ദുരിതാശ്വാസമായി നൽകണമെന്നും യൂണിയൻ കൗൺസിൽ നിർദേശിച്ചു. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ യോഗം ബോർഡ് മെമ്പർ കെ. എൻ തങ്കപ്പൻ, കൗൺസിലർമാരായ മധു കമലാലയം ജയൻ കല്ലാർ, ബാബു സി.എം, കെ. ബി സുരേഷ്, ശാന്തമ്മ ബാബു തുടങ്ങിയവർ പങ്കെടുത്തു.