മലങ്കര: റായിപൂരിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ മൂന്ന് സ്വർണമെഡൽ നേടിയ ബൈജു ലൂക്കോസിന് ജന്മനാടിന്റെ ആദരം. തൊടുപുഴ മ്രാല സ്വദേശിയാണ് ബൈജു ലൂക്കോസ്. സീനിയർ, മാസ്റ്റേഴ്സ് പുരുഷ വിഭാഗങ്ങളിലാണ് ബൈജു സ്വർണ്ണ മെഡൽ നേടിയത്. വിവിധ വിഭാഗങ്ങളിലായി 18 തവണ ദേശീയ ചാമ്പ്യനാണ്. ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് നാല് തവണ പങ്കെടുക്കുകയും രണ്ട് തവണ ഏഷ്യൻ ചാമ്പ്യനാവുകയും ചെയ്തിട്ടുണ്ട്. സ്‌പെയിനിൽ നടക്കുന്ന വേൾഡ് ചാമ്പ്യൻഷിപ്പിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. സ്‌പോൺസർമാർ സഹായിച്ചാൽ സ്‌പെയിനിലെ വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ കഠിന പരിശീലനത്തിലാണ് ബൈജു. മുൻ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ജേക്കബ് മത്തായിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോൾ ബോൾ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ജില്ലാ സ്‌പോർട്സ് കൗൺസിൽ അംഗവുമായ പി.കെ. രാജേന്ദ്രൻ, മുൻ പഞ്ചായത്ത് അംഗം ജോമോൻ മുടക്കോടിയിൽ, കെ. മുഹമ്മദാലി, മർച്ചന്റ്സ് അസോസിയേഷൻ പ്രതിനിധി എ.സി. എബ്രഹാം എന്നിവർ ബൈജുവിന് പൊന്നാട അണിയിച്ച് ആദരിച്ചു.