മ്ലാമല:ഒരുവർഷത്തിലേറെക്കാലമായി ശമ്പളം ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് മ്ലാമല എം.കെ ജോൺസ് ആൻഡ് സൺസ് എസ്റ്റേറ്റ് തൊഴിലാളികൾ സമരത്തിൽ. 2023 ജൂൺ മുതലുള്ള ശമ്പളമാണ് തൊഴിലാളികൾക്ക് ലഭിക്കാനുള്ളത്. നിരവധി ചർച്ചകൾ നടത്തിയിട്ടും ഫലം കാണാത്തതിനാലാണ് വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ സത്യാഗ്രഹം ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് ഇറങ്ങിയത്. കുടിശികയുള്ള ശമ്പളം എത്രയും വേഗം നൽകുക അന്യായമായി സസ്‌പെൻഡ് ചെയ്ത ജീവനക്കാരന്റെ സസ്‌പെൻഷൻ പിൻവലിക്കുക, തോട്ട ഭൂമി തുണ്ടായി വിൽപ്പന നടത്തുന്നത് അവസാനിപ്പിക്കുക, വേജ് സ്ലിപ് കൃത്യമായി നൽകുക, പി.എഫ് വിഹിതം അടച്ചു തുക തൊഴിലാളികളുടെ അക്കൗണ്ടിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കമ്പനി പടിക്കൽ സത്യാഗ്രഹം തുടങ്ങിരിക്കുന്നത്. ഇന്നലെ നടന്ന സത്യാഗ്രഹസമരം പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ സെക്രട്ടറി സുന്ദർരാജ് ഉദ്ഘാടനം ചെയ്തു. കെ.ഡി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. രാമരാജ്, മുനിയാണ്ടി, ധനേഷ്, എ.ഐ.ടി.യു.സി നേതാക്കളായ ഷീബ രവി, പൂവതി എന്നിവർ സംസാരിച്ചു. തുടർന്ന് പീരുമേട് ഡെപ്യൂട്ടി ലേബർ ഓഫീസർ എം.എസ്. സുരേഷിന്റെ നേതൃത്വത്തിൽ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തി. ചർച്ചയിൽ വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ചു ആർ. തിലകൻ, തങ്കദുരൈ, സുന്ദർ രാജ്, എസ്. ബാബു, എം. ആന്റണി, ഭൂപതി രാജ്, അഡ്വ സിറിയക് തോമസ്, പി കെ രാജൻ, എസ്റ്റേറ്റ് മാനേജർ സ്‌കറിയ ജോൺ എന്നിവർ പങ്കെടുത്തു. അടുത്ത ചർച്ച പതിനാലിലേക്ക് മാറ്റി. ഇപ്പോൾ സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നീ യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ, അടുത്ത ചർച്ചയിലും തീരുമാനമായില്ലെങ്കിൽ ഐ.എൻ.ടി.യുസിയുടെ നേതൃത്വത്തിൽ എച്ച്.ആർ.പി യൂണിയനും സമരത്തിൽ പങ്കെടുക്കുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും എച്ച്.ആർ.പി യൂണിയൻ പ്രസിഡന്റുമായ അഡ്വ. സിറിയക് തോമസ് അറിയിച്ചു.