അടിമാലി: കല്ലാർവാലി ഏലം എസ്റ്റേറ്റിൽ പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആറു പേരെ വടിവാൾകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നാലു പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ആനവിലാസം പള്ളിക്കാവ് സിലോൺ സ്വദേശികളായ കൃഷ്ണകുമാർ (28), സുരേഷ് (37), സുരേഷ് സുബ്രഹ്മണ്യൻ (30), വിജയരാജ് (40) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 28ന് രാവിലെയാണ് സംഭവം. ഹൈദരാബാദ് എസ്.എസ്.ഡി.എൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കല്ലാർവാലി എസ്റ്റേറ്റ് 2021ൽ ഒമ്പത് വർഷത്തേക്ക് കട്ടപ്പന വള്ളക്കടവ് സ്വദേശി പാട്ടത്തിനെടുത്തിരുന്നു. എന്നാൽ പാട്ടത്തിനെടുത്തയാൾ വ്യവസ്ഥകൾ പാലിച്ചില്ല. ഇതോടെ കമ്പനി പ്രതിനിധികളും നേരത്തേ അവിടെ ജോലിചെയ്തിരുന്ന തൊഴിലാളികളും രാവിലെ എസ്റ്റേറ്റിൽ എത്തി. എസ്റ്റേറ്റ് പാട്ടത്തിനെടുത്ത കട്ടപ്പന സ്വദേശിയുടെ ആളുകളും കമ്പനി പ്രതിനിധികളും തമ്മിൽ ഏറ്റുമുട്ടി. ഇപ്പോൾ പിടിയിലായ പ്രതികൾ, ഹെൽമെറ്റ് ധരിച്ചെത്തി വടിവാളുമായി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിൽ അഞ്ചു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.