കട്ടപ്പന: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ 38 ശാഖകളിലും ശ്രീനാരായണ ഗുരുദേവജയന്തി ആഡംബരമില്ലാതെ നടത്താൻ തീരുമാനിച്ചതായി യൂണിയൻ പ്രസിഡന്റ് ബിജു മാധവനും സെക്രട്ടറി വിനോദ് ഉത്തമനും അറിയിച്ചു. കലാപരിപാടികൾ,​ നിശ്ചലദൃശ്യങ്ങൾ, പ്ലോട്ടുകൾ, മൈക്കിലൂടെയുള്ള പ്രചരണം എന്നിവ ഒഴിവാക്കി ഭക്തിസാന്ദ്രവും പ്രാർത്ഥന നിർഭരവുമായ അന്തരീക്ഷത്തിൽ ചതയദിനഘോഷയാത്രകൾ നടത്തും. സാന്ത്വനം സഹായനിധിയുടെയും വിദ്യാഭ്യാസ സ്‌കോളർഷിപ്പുകളുടെയും വിതരണം നടത്താനും യൂണിയൻ ആഹ്വാനം ചെയ്തു. 38 ശാഖകളിലും ലളിതമായി നടത്തുന്ന ചതയ ദിനഘോഷയാത്രയ്ക്ക് ശേഷം ഗുരുദേവക്ഷേത്രങ്ങളിൽ വയനാട്ടിലെ പ്രിയ സഹോദരങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും മഹാഗുരുപൂജയും നടക്കും. മഹാഗുരുപൂജയിൽ നിന്ന് ലഭിക്കുന്ന ഗുരുദക്ഷിണയും അംഗങ്ങളുടെ വിഹിതവും വയനാട് ദുരിദാശ്വാസനിധിയിലേയ്ക്ക് മാറ്റിവയ്ക്കും. കട്ടപ്പന നഗരസഭയുടെ പരിധിയിലുള്ള അഞ്ചു ശാഖകളുടെ നേതൃത്വത്തിൽ സംയുക്തഘോഷയാത്ര കവലയിൽ നിന്ന് 20ന് രാവിലെ 11ന് ആരംഭിച്ച് കട്ടപ്പന ഗുരദേവകീർത്തി സ്തംഭത്തിൽ പ്രാർത്ഥനയ്ക്ക് ശേഷം മിനി സ്റ്റേഡിയത്തിൽ സമാപിക്കും. സമ്മേളനത്തിൽ ശാഖകളിൽ നിന്ന് എസ്.എൻ.ഡി.പി യോഗം വഴി ദുരിതാശ്വാസ നിധിയിൽ നൽകുന്നതിന് സ്വരൂപിച്ച തുക കട്ടപ്പന നഗരസഭാ ചെയർപേഴ്‌സൺ ബീന ടോമി ഏറ്റുവാങ്ങുമെന്നും നേതാക്കൾ അറിയിച്ചു. കട്ടപ്പനയിൽ നടക്കുന്ന ജയന്തിദിനസമ്മേളനം യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. നേതാക്കളായ വിധു എ. സോമൻ, അഡ്വ. പി.ആർ. മുരളീധരൻ, ഷാജി പുള്ളോലിൽ, പി.കെ. രാജൻ, സോജു ശാന്തി, പി.കെ. ജോഷി, പ്രവീൺ വട്ടമല, സന്തോഷ് ചാളനാട്ട്, പി.കെ. സന്തോഷ്‌കുമാർ, ഷൈബു ടി.എൻ, സി.കെ. വത്സ, ബിനു പാറയിൽ, അഖിൽ കൃഷ്ണൻകുട്ടി, ഒ.എൻ. സന്തോഷ്, മനോജ് പതാലിൽ, എം.ആർ. ജയൻ, അരുകുമാർ, കെ.ബി. രേഷ്മ എന്നിവർ സംസാരിക്കും.