വാഗമൺ: ഇറച്ചി വിൽപ്പനയ്ക്കായി കന്നുകാലിയെ മോഷ്ടിച്ച കേസിൽ സഹോദരൻമാരടക്കം മൂന്നു പേരെ വാഗമൺ പൊലീസ് അറസ്റ്റുചെയ്തു. കാഞ്ഞാർ ഇരണിക്കൽ ഷിയാസ് ഇരണിക്കൻ (30), സഹോദരൻ അൽത്താഫ് (23), ഹാറുൺ റഷീദ് (40) എന്നിവരാണ് അറസ്റ്റിലായത്. വാഗമണ്ണിലുള്ള ഓറിയോൺ ഫാമിൽ നിന്ന് പശുവിനെ മോഷ്ടിച്ച കേസിലാണ് ഇവരെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വാഗമൺ പ്രദേശത്തു നിന്ന് പശുക്കൾ മോഷണം പോകുന്നത് പതിവായിരുന്നു. ഈ ഫാമിൽ നിന്നും കന്നുകാലികൾ മോഷ്ടിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പരിശോധിക്കുന്നതിനായി മാനേജർ പുലർച്ചെ മൂന്നോടെ ഫാമിലെത്തി. അപ്പോൾ റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് ജീപ്പിന് സമീപം ഒരു പശുവിനെ കെട്ടിയിട്ടിരിക്കുന്നത് കണ്ടു. ഇവരെ കണ്ടതോടെ സമീപമുണ്ടായിരുന്നയാൾ ഓടാൻ ശ്രമിച്ചു. ഇയാളെ പിന്തുടർന്ന് പിടികൂടി. തുടർന്ന് ഫാമിലേയ്ക്ക് കയറുമ്പോൾ അവിടെ നിന്ന് രണ്ടുപേർ ഇറങ്ങിയോടി. പിടിയിലായയാളുടെ മൊഴിയനുസരിച്ച് ഇവരെയും പിന്നീട് അറസ്റ്റു ചെയ്തു. കുടയത്തൂരിൽ ഇറച്ചിക്കട നടത്തുകയായിരുന്നു ഷിയാസും സഹോദരനും. കടയിൽ വാഗമൺ ഇറച്ചി എന്ന് ബോർഡും വച്ചിരുന്നു. മറ്റിടങ്ങളിൽ 400 രൂപയ്ക്ക് വിൽക്കുന്ന ഇറച്ചി ഇവിടെ 280 രൂപയ്ക്കാണ് കൊടുത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. മൂവരെയും പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.