തൊടുപുഴ: മുല്ലപെരിയാർ ഡാം ഒരു ജലബോംബായി മാറിയിരിക്കുകയാണെന്ന് മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ പറഞ്ഞു. അതിതീവ്ര മഴയും ഭൂമികുലുക്കവും ഈ മേഖലയിൽ ഉണ്ടായാൽ ഡാം തകർന്നു മരിക്കുന്നവരുടെ എണ്ണം 50 ലക്ഷത്തിൽ അധികമായിരിക്കുമെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. ഇടുക്കി, എറണാകുളം ഉൾപ്പടെ ആറ് ജില്ലകളെ മാത്രമല്ല, കേരളത്തെയും തമിഴ്നാടിനെയും കർണാകടത്തെയും തകർക്കുന്ന ഈ ഗുരുതരമായ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണം. വെറും കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ ജനങ്ങളുടെ ജീവൻ ഇനിയും പന്താടാൻ സമ്മതിക്കില്ല. ആരെയും ഭയപ്പെടുത്താനോ ഭീക്ഷണിപ്പെടുത്താനോ അല്ല, മുല്ലപെരിയാറിലെ ഡാം തകർന്നാൽ ആ വെള്ളപ്പാച്ചിലിൽ പിന്നെ തകരുന്നത് ഇടുക്കി ഡാമായിരിക്കും. കുളമാവിൽ 40അടി നീളത്തിലും 30അടി വീതിയിലും നിൽക്കുന്ന മൺതിട്ടക്ക് ഒരിക്കലും ഈ വെള്ളത്തിന്റെ ശക്തിയെ തടഞ്ഞുനിർത്താൻ കഴിയില്ല. വയനാട്ടിൽ ഒരു ഡാം പോലും ഇല്ലാതിരുന്ന ചൂരൽ മലയിലും മുണ്ടക്കൈയിലും ഉണ്ടായ ദുരന്തം നമ്മൾ നേരിൽ കണ്ടവരാണ്. ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന മൃതശരീരങ്ങളും കൈയും കാലും തലയും ആറ്റുപോയ മനുഷ്യരുടെ ദേഹങ്ങളും നമ്മൾ നേരിട്ട് കണ്ടവരാണ്. ലിബിയയിൽ ഉണ്ടായ ഡാമിന്റെ തകർച്ച ലക്ഷകണക്കിന് ആളുകളെയാണ് ഇല്ലാതാക്കിയത്. മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ, ഒഴുകി വരുന്ന ജലം അറബികടലിൽ പതിച്ചു, ഒരു സുനാമി ആയി തിരിച്ചടിച്ചാൽ നാളെ കേരളം എന്ന സംസ്ഥാനം കാണില്ല. ജാതിയും മതവും രാഷ്ട്രീയവും മറന്ന് ജനങ്ങൾ ഇതിനായി ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു.