തൊടുപുഴ: ചലന പരിമിതിയുള്ള കുട്ടികൾക്ക് പിന്തുണാ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ ഇടുക്കിയുടെ നേതൃത്വത്തിൽ തൊടുപുഴ, കരിമണ്ണൂർ ബി.ആർ.സികളിൽ ഡയപ്പർ ബാങ്കുകൾ പ്രവർത്തനം ആംരഭിച്ചു. 'ഇടുക്കി ഒരു മിടുക്കി' പദ്ധതിയുടെ ഭാഗമായി സി.എസ്.ആർ ഫണ്ട് വിനിയോഗിച്ചുകൊണ്ട് ലഭ്യമാക്കിയ ഡയപ്പറുകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. ജില്ലയിൽ നിലവിൽ ചലനപരിമിതി മൂലം ഡയപ്പർ ആവശ്യമുള്ള 149 കുട്ടികളെയാണ് സർവ്വേയിലൂടെ കണ്ടെത്തിയിട്ടുള്ളത്. ഒരു മാസം ആയിരത്തിലധികം പായ്ക്കറ്റുകളാണ് ഇത്രയും കുട്ടികൾക്കായി ആവശ്യം വരിക. സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സഹായത്തോടുകൂടിയാണ് ബി.ആർ.സികൾ കേന്ദ്രീകരിച്ച് ഡയപ്പർ ബാങ്കുകൾ പ്രവർത്തിക്കുന്നത്. ഡയപ്പർ ബാങ്കുകളിലേക്ക് ഡയപ്പറുകൾ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ബി.ആർ.സികളെ സമീപിച്ച് ഈ പ്രവർത്തനത്തിൽ പങ്കാളികളാവുന്നതാണെന്ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡി. ബിന്ദുമോൾ അറിയിച്ചു. ഫോൺ: 9446427911, 04862226991.