തൊടുപുഴ: കൗൺസിലിൽ കേവല ഭൂരിപക്ഷം ലഭിച്ചതോടെ നഗരസഭാ വൈസ് ചെയർപഴ്‌സൻ ജെസി ആന്റണിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. 13 യു.ഡി.എഫ് അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ നോട്ടീസ് ഇന്നലെ ഇടുക്കിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് കൗൺസിലർ കെ. ദീപക് കൈമാറി. ബി.ജെ.പി പിന്തുണ കൂടിയുണ്ടെങ്കിൽ കേരള കോൺഗ്രസ് (എം) പ്രതിനിധിയായ ജെസി ആന്റണിയെ അവിശ്വാസത്തിലൂടെ പുറത്താക്കാനാകും. നിയമ പ്രകാരം രണ്ടാഴ്ചക്കുള്ളിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് വരും.
അതേസമയം സനീഷ് ജോർജ് രാജി വച്ചതിനെ തുടർന്നുള്ള പുതിയ ചെയർമാൻ തിരഞ്ഞെടുപ്പ് 12ന് രാവിലെ 11 ന് നഗരസഭ കൗൺസിൽ ഹാളിൽ നടക്കും. യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിൽ ചേർന്ന 11-ാം വാർഡ് കൗൺസിലർ മാത്യു ജോസഫിനെ ഹൈക്കോടതി അയോഗ്യനാക്കിയതോടെ 35 അംഗ കൗൺസിലിൽ നിലവിൽ 34 അംഗങ്ങളാണുള്ളത്. യു.ഡി.എഫ് സ്ഥാനാർത്ഥികളായി ജയിച്ച ശേഷം എൽ.ഡി.എഫിനൊപ്പം ചേർന്ന ജെസി ജോണിയും മാത്യു ജോസഫും കൂറുമാറ്റ നിരോധന നിയമ പ്രകാരം പുറത്തായതോടെയാണ് കൈവിട്ടു പോയ ഭരണം പിടിക്കാൻ യു.ഡി.എഫ് രംഗത്ത് വന്നിരിക്കുന്നത്. ജെസി ജോണി വിജയിച്ച വാർഡിൽ കഴിഞ്ഞയാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കുകയും മാത്യു ജോസഫിനെ അയോഗ്യനാക്കുകയും ചെയ്തതോടെ എൽ.ഡി.എഫ് പക്ഷത്ത് രണ്ടു സീറ്റുകൾ കുറഞ്ഞു, യു.ഡിഎഫിന് ഒന്നു കൂടി. എൽ.ഡി.എഫ് 12 സീറ്റിലേക്ക് താഴ്ന്നപ്പോൾ യു.ഡി.എഫിന് 13 സീറ്റായി. കൈക്കൂലി കേസിനെ തുടർന്ന് ചെയർമാൻ സ്ഥാനം രാജി വച്ച സനീഷ് ജോർജ് യു.ഡി.എഫിനൊപ്പം നിൽക്കുകയോ വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കുകയോ ചെയ്താൽ ഭരണം അവർക്ക് ലഭിക്കാനാണ് സാധ്യത. അതേ സമയം ചെയർമാൻ തിരഞ്ഞെടുപ്പിൽ സനീഷ് ജോർജ് എൽ.ഡി.എഫിനൊപ്പം തന്നെ നിന്നാൽ തുല്യം അംഗങ്ങളാകുകയും നറുക്കെടുപ്പ് വേണ്ടി വരികയും ചെയ്യും.
ബി.ജെ.പിയുടെ പിന്തുണ വേണം
വൈസ് ചെയർപേഴ്സനെതിരായ അവിശ്വാസം പാസാകണമെങ്കിൽ ബി.ജെ.പി അംഗങ്ങളുടെ പിന്തുണ വേണം. 35 അംഗ കൗൺസിലിൽ നിലവിൽ 34 അംഗങ്ങളാണുള്ളത്. അവിശ്വാസം പാസാകണമെങ്കിൽ കുറഞ്ഞത് 18 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. യു.ഡി.എഫിന് ഒറ്റയ്ക്ക് ഇതിനുള്ള അംഗബലം ഇല്ലാത്തതിനാൽ ബി.ജെ.പിയുടെ പിന്തുണ ലഭിച്ചാൽ മാത്രമേ അവിശ്വാസം പാസാകൂ. എന്നാൽ ബി.ജെ.പി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.
നിലവിലെ കക്ഷിനില
യു.ഡി.എഫ്- 13
എൽ.ഡി.എഫ്- 12
ബി.ജെ.പി- 8
സ്വതന്ത്രൻ- 1