aravusala
കട്ടപ്പന നഗരസഭയുടെ പ്രവർത്തനം നിലച്ച ആധുനിക അറവ് ശാലയിൽ സർക്കാർ ഏജൻസിയായ മീറ്റ് പ്രൊഡക്ട്സ് ഇന്ത്യയുടെ കൂത്താട്ടുകുളം യൂണിറ്റിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ സന്ദർശനം നടത്തുന്നു

കട്ടപ്പന: അറവുശാല നവീകരിക്കുന്നതിന്റെ ഭാഗമായി മീറ്റ് പ്രൊഡക്ട്സ് ഒഫ് ഇന്ത്യ അധികൃതർ പരിശോധന നടത്തി. 10 വർഷം മുമ്പാണ് നഗരസഭയുടെ ആധുനിക അറവുശാല പുളിയൻമലയിൽ പ്രവർത്തനമാരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ മികച്ച രീതിയിൽ പ്രവർത്തനം നടന്നെങ്കിലും യന്ത്രങ്ങൾക്ക് ഉണ്ടായ തകരാറുമൂലം അറവുശാലയുടെ പ്രവർത്തനം മന്ദഗതിയിലായി. ഇത് അധികം വൈകാതെ തന്നെ ആധുനിക അറവുശാലയുടെ പ്രവർത്തനം നിലയ്ക്കുന്നതിനും കാരണമായി. പിന്നീട് മാടുകളെ സാധാരണ രീതിയിലാണ് അറവ് ചെയ്തിരുന്നത്. കോടികൾ മുടക്കിയ ആധുനിക അറവുശാല പ്രവർത്തനരഹിതമായത് നിരവധി വിവാദങ്ങൾക്കും കാരണമായി. തുടർന്നാണ് നഗരസഭ കൗൺസിൽ യോഗത്തിൽ ഇത് ചർച്ചയാവുകയും അടിയന്തരമായി അറവുശാല നവീകരിക്കാൻ യോഗത്തിൽ തീരുമാനമെടുക്കുകയും ചെയ്തത്. ഭക്ഷ്യ ഉത്പാദന കേന്ദ്രമെന്ന നിലയിൽ അറവുശാലയ്ക്ക് വൃത്തിയും ശുചിത്വവുമുള്ള അത്യാധുനിക സൗകര്യങ്ങൾ ഒരുക്കാൻ നഗരസഭ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് ഈ രംഗത്തെ സർക്കാർ ഏജൻസിയായ മീറ്റ് പ്രൊഡക്ട്സ് ഒഫ് ഇന്ത്യയുടെ കൂത്താട്ടുകുളം യൂണിറ്റിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്. വരുന്ന ദിവസങ്ങളിൽ അറവുശാലയിലെ ഓരോ യന്ത്രഭാഗങ്ങളും പരിശോധിച്ച് ഉപയോഗപ്രദമായവ ഉൾപ്പെടുത്തിയും ആവശ്യമായ മാറ്റങ്ങൾ വരുത്തിയും നവീകരണത്തിനായുള്ള ഡി.പി.ആർ തയ്യാറാക്കി നഗരസഭയ്ക്ക് നൽകുകയാണ് സന്ദർശന ലക്ഷ്യം. മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ കൂത്താട്ടുകുളം യൂണിറ്റിലെ അസി. എൻജിനിയർ അച്യുത് എൻ.വി, പ്രോജക്ട് കോഓർഡിനേറ്റർ സുനിൽ എൻ.വി എന്നിവരുടെ സംഘത്തോടൊപ്പം നഗരസഭ ചെയർപേഴ്സൺ ബീന ടോമി, വൈസ് ചെയർമാൻ കെ.ജെ. ബെന്നി, കൗൺസിലർ സോണിയ ജയ്ബി, സെക്രട്ടറി മണികണ്ഠൻ, ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.