പീരുമേട്: പെരുവന്താനം പൊലീസ് സ്റ്റേഷന് മുമ്പിൽ തട്ടുകട നടത്തുന്ന ഉദയകുമാറിൽ നിന്നും പ്രസാദ് തങ്കരാജിൽ നിന്നും ഒരു ദിവസത്തേക്ക് തട്ടുകട ഏറ്റെടുത്ത് മുപ്പത്തി അഞ്ചാം മൈൽ ഡി.വൈ.എഫ്.ഐ ഈസ്റ്റ് കമ്മിറ്റിയുടെ മാതൃകാ ധനശേഖരണം. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് ഇവർ ചൂട് ചായയും ചൂട് കടിയും കച്ചവടം നടത്തിയത്. ആവശ്യത്തിന് കഴിക്കാം, ഇഷ്ടമുള്ളത് നിക്ഷേപിക്കാം എന്ന മുദ്രാവാക്യമുയർത്തിയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കച്ചവടം നടത്തിയത്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി വയനാട്ടിലെ വീട് നഷ്ടപ്പെട്ടവർക്ക് 25 വീട് വച്ച് നൽകാൻ തീരുമാനിച്ചിരുന്നു. ഇതിനാണ് ചായ കച്ചവടം നടത്തി പണം കണ്ടെത്തിയത്. ഡി.വൈ.എഫ്.ഐ 35-ാം മൈൽ ഈസ്റ്റ് മേഖലാ കമ്മിറ്റിയാണ് ഈ ദൗത്യം ഏറ്റെടുത്തത്. രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെയായിരുന്നു തട്ടുകട പ്രവർത്തിച്ചിരുന്നത്. സാധാരണയായി ഒരു ചായക്ക് പത്ത് രൂപയും കടിക്ക് പത്തുരൂപയുമാണ് വില ഈടാക്കിയിരുന്നത്. ഇന്നലെ ആവശ്യമുള്ളത് കഴിച്ച് ഇഷ്ടമുള്ളതുക പെട്ടിയിൽ നിക്ഷേപിക്കാമെന്നായിരുന്നു ഓഫർ. വ്യാപാരത്തിനായി വാങ്ങിയ സാധനങ്ങളുടെ വില കഴിച്ചിട്ട് മിച്ചമായി 14050 രൂപ ഇവർക്ക് ലഭിച്ചു. ഈ തുക ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ബി. അനൂപ് ഏലപ്പാറ ബ്ലോക്ക് സെക്രട്ടറി ജ്യോതിഷ് ചന്ദ്രൻ, പ്രസിഡന്റ് റ്റി. പ്രശാന്ത് എന്നിവർക്ക് കൈമാറി. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അഭിജിത്ത് പി.സി, പ്രസിഡന്റ് സിജോ ജോസഫും, ചായക്കട ഉടമയായ ഉദയകുമാർ, പ്രസാദ് തങ്കരാജ് എന്നിവർ നേതൃത്വം നൽകി.