തൊടുപുഴ: വെള്ളിയാമറ്റം റോഡിൽ ആലക്കോട് ജംഗ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ സമീപത്തുള്ള പുരയിടങ്ങളിൽ നിന്ന് വെള്ളം ഒഴുകിവന്ന് റോഡിൽ വലിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു. ഇത് സമീപത്തുള്ള കിണറുകളിലെ കുടിവെള്ളം മലിനമാകുന്നതിനും കാരണമായി. പൊതുമരാമത്ത് വകുപ്പ് പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെട്ട് സുഗമമായ വെള്ളമൊഴുക്കിന് തടസമായി സ്വകാര്യ വ്യക്തികൾ റോഡിലേക്ക് ഇറക്കി നിർമിച്ച കോൺക്രീറ്റ്, ടൈൽ നിർമാണം പൊളിച്ചുനീക്കുകയായിരുന്നു. തുടർന്ന് വെള്ളം സുഗമമായി ഒഴുകാൻ വാട്ടർ സ്ലോപ് ലഭിക്കത്തക്കവിധം കോൺക്രീറ്റ് ചെയ്തു. സ്‌കൂൾ കുട്ടികൾക്ക് സുരക്ഷിതമായി നടന്നു പോകാൻ ആലക്കോട് ഇൻഫെന്റ് ജീസസ് സ്‌കൂളിന്റെ മുൻവശത്തെ ഓട കോൺക്രീറ്റ് ചെയ്ത് ഫുട്പാത്തും നിർമിച്ചു. പാറമടകളിൽ നിന്ന് അമിതഭാരം കയറ്റിവരുന്ന ലോറികൾ മൂലം തകർന്ന ആലക്കോട് കച്ചിറപ്പാറ കരിമണ്ണൂർ റോഡിന്റെ ഭാഗങ്ങളും വാട്ടർ അതോറിറ്റി പൈപ്പുകൾ പൊട്ടി സ്ഥിരം വെള്ളം ഒഴുകുന്ന സ്ഥലങ്ങളിലും ടൈൽ പാകുന്നതിനുള്ള നടപടികൾ പരോഗമിക്കുകയാണ്. ആലക്കോട് നിന്ന് കരിമണ്ണൂരിലേക്കുള്ള എളുപ്പ വഴിയാണ് കച്ചിറപ്പാറ റോഡ്. പൊതുമരാമത്ത് വകുപ്പ് തൊടുപുഴ റോഡ്‌സ് സബ് ഡിവിഷന്റെ കീഴിലാണ് ജോലികൾ നടക്കുന്നത്.