തൊടുപുഴ: പൂട്ടിക്കിടക്കുന്നതുൾപ്പെടെയുള്ള തോട്ടങ്ങളിലെ തൊഴിലാളികൾക്ക് വരുമാനം കണ്ടെത്തുന്നതിനും കന്നുകാലികളെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ പ്രത്യേക ക്ഷീരലയം പദ്ധതി നടപ്പാക്കുന്നു. തൊഴിലാളികൾക്ക് കറവപശുവിനെ വാങ്ങുന്നതിനും സാമ്പത്തിക സഹായം നൽകുന്നതിനൊപ്പം പശുക്കൾ അലഞ്ഞു തിരിയാതെ തൊഴുത്തുകൾ നിർമ്മിച്ച് സുരക്ഷിതമായി കഴിയാൻ സൗകര്യമൊരുക്കും. തോട്ടം മേഖലകളിൽ ഒട്ടേറെ തൊഴിലാളികൾ കാലി വളർത്തൽ നടത്തി വരുന്നുണ്ട്. എന്നാൽ മറ്റ് കാർഷിക മേഖലകളിൽ നിന്ന് വിഭിന്നമായി പശുക്കളെ തൊഴുത്തുകളിൽ കെട്ടിയിടാതെ തോട്ടം മേഖലകളിൽ അഴിച്ചു വിടുകയാണ് ചെയ്യുന്നത്. തോട്ടങ്ങളിൽ മേയാൻ പോകുന്ന പശുക്കളുടെ അന്തിയുറക്കം പലപ്പോഴും പാതയോരങ്ങളിലോ തൊഴിലാളി ലയങ്ങളുടെ വരാന്തയിലോ തുറസായ ഇടങ്ങളിലോ ഒക്കെയാണ്. ഇതിനിടെ കന്നുകാലികൾക്കു നേരെ വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാറുണ്ട്. കൂടാതെ മോഷ്ടാക്കൾ പശുക്കളെ കടത്തിക്കൊണ്ടു പോകുന്നതും ചെയ്യുന്നതും പതിവാണ്. ഇത്തരം പ്രതിസന്ധികൾക്ക് ക്ഷീരലയം പദ്ധതി മുഖേന പരിഹാരമാകുമെന്ന് ക്ഷീര വികസന വകുപ്പ് അധികൃതർ പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെ സ്‌പെഷൽ ഡയറി റിഹാബിലറ്റേഷൻ പായ്‌ക്കേജ് മുഖേനയാണ് തോട്ടം മേഖലകളിൽ ക്ഷീരലയം പദ്ധതി നടപ്പാക്കുന്നത്. തോട്ടം മേഖലകളിൽ തൊഴിലാളികളുടെ വാസസ്ഥലങ്ങൾ ലയങ്ങൾ എന്നറിയപ്പെടുന്നതിനാലാണ് പദ്ധതിയ്ക്കും ക്ഷീരലയം എന്ന പേരിട്ടത്. റബർ, തേയില, കാപ്പി തോട്ടം എസ്റ്റേറ്റുകളിൽ ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് അനുബന്ധ തൊഴിൽ മേഖലയെന്ന നിലയിൽ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് പദ്ധതി നടപ്പാക്കുന്നത്. തോട്ടം മേഖലയിലെ സ്വയംസഹായം സംഘങ്ങൾ മുഖേന പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അപേക്ഷകർ അടുത്തുള്ള ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും. സംസ്ഥാനത്ത് ഇടുക്കി, വയനാട് ഉൾപ്പെടെ തോട്ടം മേഖലകൾ കൂടുതലുള്ള പ്രദേശങ്ങളിലാണ് ക്ഷീരലയം പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി പദ്ധതി പ്രാവർത്തികമാക്കിയത് മൂന്നാർ ലക്ഷ്മി സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിലാണ്. ഇവിടെ തുടക്കം കുറിച്ച ക്ഷീരലയത്തിന്റെ ഉദ്ഘാടനം ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും.

സഹായം സംഘങ്ങൾക്ക്

പത്തു പേരടങ്ങുന്ന സംഘങ്ങൾക്കാകും പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭിക്കുക. 10 തൊഴിലാളി കുടുംബങ്ങൾക്ക് ഓരോ കറവപ്പശു വീതം വാങ്ങുന്നതിനും വളർത്തുന്നതിനും സാമ്പത്തിക സഹായം നൽകും. കമ്യൂണിറ്റി കന്നുകാലി തൊഴുത്ത് സ്ഥാപിക്കുന്നതിനും സഹായം നൽകും. മൃഗങ്ങളെ ഇൻഷ്വർ ചെയ്യുന്നതിനും കറവപ്പശുക്കളെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും ജൈവവാതകം സ്ഥാപിക്കുന്നതിനും പ്രത്യേക സാമ്പത്തിക സഹായം നൽകും. പ്രവർത്തന മൂലധനമായി കൂടുതൽ പ്രത്യേക സാമ്പത്തിക സഹായവും നൽകും. തീറ്റച്ചെലവ്, വൈദ്യുതി, ജലനിരക്ക്, വെറ്റ് എയ്ഡ്, കന്നുകാലികളുടെ മറ്റ് ആരോഗ്യ സംരക്ഷണം എന്നിവയ്ക്കാണ് ഈ തുക നൽകുന്നത്. പ്രാദേശിക വിൽപനയ്ക്കും അല്ലെങ്കിൽ ക്ഷീര സംഘങ്ങൾ വഴി വഴി പ്രാദേശിക യൂണിയനും പാൽ കൊണ്ടുപോകുന്നതിന് അടുത്തുള്ള ക്ഷീര സഹകരണ സംഘങ്ങൾക്കും സഹായം ലഭ്യമാകും.

 സഹായം- 14 ലക്ഷം രൂപ

 സബ്സിഡി- 11 ലക്ഷം രൂപ

പ്രവർത്തനം ഇങ്ങനെ
ക്ഷീരലയം പദ്ധതിയുടെ അന്തിമ ഗുണഭോക്താവായി ഒരു പ്രത്യേക ലയം തിരഞ്ഞെടുത്തു കഴിഞ്ഞാൽ ഗുണഭോക്താവായി തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക തോട്ടം എസ്റ്റേറ്റിന്റെ പേരിൽ ബന്ധപ്പെട്ട ഡി.ഇ.ഒയും മാനേജ്‌മെന്റും തമ്മിൽ ധാരണാപത്രം ഒപ്പിടും. ലയത്തിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് ബന്ധപ്പെട്ട ഡയറി ട്രെയിംനിംഗ് സെന്ററുമായി കൈകോർത്ത് വകുപ്പ് ഉദ്യോഗസ്ഥർ പരിശീലനം നൽകും. ജില്ലാ ഓഫീസർ, പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട ചെലവുകൾ ബന്ധപ്പെട്ട ഡയറി ട്രെയിംനിംഗ് സെന്ററിന്റെ പരിശീലന ഫണ്ടിൽ നിന്ന് വഹിക്കും.