തൊടുപുഴ: ക്ഷീരവികസന വകുപ്പിന്റെയും ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ 12, 13 തീയതികളിൽ മൂന്നാർ ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ ക്ഷീരകർഷക സംഗമം സംഘടിപ്പിക്കും. ലക്ഷ്മി ക്ഷീരോത്പാദക സഹകരണ സംഘം ആതിഥേയത്വം വഹിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 13 ന് രാവിലെ 11.15ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ എം.എം. മണി, വാഴൂർ സോമൻ, പി.ജെ. ജോസഫ്, അഡ്വ. എ. രാജ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ആസിഫ് കെ. യൂസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, എറണാകുളം മിൽമ മേഖലാ യൂണിയൻ ചെയർമാൻ എം.ടി. ജയൻ തുടങ്ങിയവർ സംസാരിക്കും. 12ന് രാവിലെ എട്ടിന് ലക്ഷ്മി ക്ഷീരസഹകരണ സംഘം പരിസരത്ത് പതാക ഉയർത്തും. തുടർന്ന് ഡയറി എക്സ്‌പോ മൂന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ക്ഷീരസംഘം പ്രതിനിധികൾക്കുള്ള ശില്പശാല. 10ന് ക്ഷീരസംഘം ജീവനക്കാരുടെ പെൻഷൻ പദ്ധതി സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോർഡ് മാനേജർ എ.വി. മഞ്ജു വിശദീകരിക്കും. 1.30ന് ക്ഷീരസഹകരണ സംഘങ്ങളുടെ ഓഡിറ്റ് ന്യൂനത പരിഹരണം സഹകരണ വകുപ്പ് ഓഡിറ്റർ എസ്. സന്തോഷ് കുമാർ അവതരിപ്പിക്കും. വൈകിട്ട് മൂന്നിന് ക്ഷീരസംഘം ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും ക്ഷീരകർഷകരെയും കുട്ടികളെയും ഉൾപ്പെടുത്തി കലാകായിക മത്സരങ്ങൾ നടത്തും.
13ന് രാവിലെ 9.30ന് 'ക്ഷീരോത്പാദനമേഖല മാറ്റങ്ങൾ അനിവാര്യം' എന്ന വിഷയത്തിൽ കേരള വെറ്ററിനറി സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്യാം സൂരജ് എസ്.ആർ. സെമിനാർ നയിക്കും. 10.30ന് സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെട്ട ക്ഷീരലയം പദ്ധതി ഉദ്ഘാടനവും ലക്ഷ്മി ക്ഷീരസഹകരണ സംഘത്തിന്റെ മിൽക്ക് എ.ടി.എം ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും. തുടർന്ന് 11.15ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ക്ഷീരലയം പദ്ധതിക്ക് സ്ഥലം അനുവദിച്ച കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയെ മന്ത്രി ആദരിക്കും. തുടർന്ന് ക്ഷീരമേഖലയ്ക്ക് കൂടുതൽ തുക വകയിരുത്തിയ ത്രിതല പഞ്ചായത്തുകൾ, ജില്ലയിലെ മികച്ച കർഷകർ, ക്ഷീരസഹകരണ സംഘങ്ങൾ, 25 വർഷം പൂർത്തിയാക്കിയ സംഘം പ്രസിഡന്റുമാർ എന്നിവരെയും ആദരിക്കും.
വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ഐ. ഗുരുസ്വാമി, ജനറൽ കൺവീനർ ഡോ. ഡോളസ് പി.ഇ, ജോയിന്റ് കൺവീനർ ജിസാ ജോസഫ്, കമ്മിറ്റി ചെയർമാൻ സുധീഷ് എം.പി എന്നിവർ പങ്കെടുത്തു.