കാഞ്ഞാർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മലങ്കര ജലാശയത്തിന് സമീപമുള്ള മലനിരകൾ ഉൾപ്പെടുന്ന പഞ്ചായത്തുകൾ ജാഗ്രത പുലർത്തണമെന്ന് ഗോഡ്സ് ഓൺ വാലി ടൂറിസം പ്രമോഷൻ കൗൺസിൽ ആവശ്യപ്പെട്ടു. കുടയത്തൂർ പഞ്ചായത്ത് മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ളതാണെന്ന് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിട്ടിയുടെ റിപ്പോർട്ട് നേരത്തെ ഉള്ളതാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഐ.എസ്.ആർ.ഒ റിപ്പോർട്ടിലും കുടയത്തൂർ പഞ്ചായത്തിനൊപ്പം അറക്കുളം പഞ്ചായത്തും ഉൾപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ മുൻകരുതൽ നടപടികൾ കൈക്കൊള്ളണം.
ഈ മേഖലയിലെ ഖനന പ്രവർത്തനങ്ങൾ അടിയന്തരമായി നിറുത്തലാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം. തോടുകളിലെയും ഇടതൊണ്ടുകളുടെയും നീർച്ചാലുകളുടെയും കൈയേറ്റങ്ങൾ ഒഴിവാക്കി മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് സുഗമമാക്കണം. ചെരിഞ്ഞ പ്രദേശങ്ങളിൽ വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ ഒഴിവാക്കിയും പഞ്ചായത്ത് അധികൃതർ അടിയന്തര നടപടികൾ കൈകൊണ്ടില്ലെങ്കിൽ കുടയത്തൂരിലെ മാളിയേക്കൽ കോളനിയിൽ ഉണ്ടായ ദുരന്തങ്ങൾ ആവർത്തിക്കുമെന്ന് ഗോഡ്സ് ഓൺ വാലി ഭാരവാഹികൾ അറിയിച്ചു.