മുട്ടം: ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് തൊടുപുഴ- മുട്ടം റോഡിൽ മലങ്കര പെരുമറ്റത്ത് മുസ്ലീംപള്ളിക്ക് സമീപം പുഴയോരത്ത് റോഡിന് വീതി കൂട്ടിയ ഭാഗത്തുണ്ടായിരുന്ന വള്ളിപ്പടർപ്പുകൾ കളക്ടറുടെ നിർദ്ദേശപ്രകാരം മുറിച്ചുനീക്കി. കാടും വള്ളിപ്പടർപ്പുകളും പാഴ്മരങ്ങളും റോഡിലേക്ക് വളർന്ന് പ്രദേശത്തൂടെ കടന്ന് പോകുന്ന വാഹന ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന അവസ്ഥയായിരുന്നു. തുടർന്ന് വാഹനാപകടങ്ങളും ഇവിടെ പതിവായിരുന്നു. ഇത് സംബന്ധിച്ച് ബുധനാഴ്ച മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കളക്ടർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടത്. പൊതുമരാമത്ത് വകുപ്പിനും മുട്ടം പഞ്ചായത്ത് അധികൃതർക്കുമാണ് അപകടാവസ്ഥ പരിഹരിക്കാൻ കളക്ടർ നിർദേശം നൽകിയത്. തുടർന്ന് മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് ജോസ് കടത്തലകുന്നേൽ, പൊതുമരാമത്ത് വകുപ്പ് അധികൃതർ എന്നിവർ പ്രദേശത്ത് എത്തിയിരുന്നു. പാതയോരത്തെ അപകടാവസ്ഥ അടിയന്തരമായി പരിഹരിക്കാൻ ഇടപെടൽ നടത്തിയ ജില്ലാ കളക്ടറെ പെരുമറ്റം ജനകീയ കൂട്ടായ്മ അഭിനന്ദിച്ചു.