പീരുമേട്ടിൽ ജനജാഗ്രത സമിതി യോഗം ചേർന്നു
പീരുമേട്: പീരുമേട് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വന്യമൃഗ ശല്യം രൂക്ഷമായതോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവകക്ഷിയോഗവും ജനജാഗ്രത സമിതിയോഗവും ചേർന്നു. വന്യമൃഗ ശല്യത്തിന് അടിയന്തര പരിഹാരം കാണാൻ മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രി, എം.പി. എം.എൽ.എ. എന്നിവരെ നേരിൽ കണ്ട് വിഷയത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി പീരുമേട് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വന്യമൃഗ ശല്യം രൂക്ഷമാണ്. ആന,പുലി, കടുവ,കരടി , കാട്ടുപോത്ത്, മ്ലാവ് തുടങ്ങിയ മൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി വിഹരിക്കുകയാണ്. ഇതുമൂലം നാട്ടുകാർക്ക് പകൽ പോലും പുറത്ത് ഇറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പലരും വന്യമൃഗത്തിന്റെ അക്രമത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പീരുമേടിന്റെ ഭരണസിരാകേന്ദ്രമായ പീരുമേട് ടൗണിൽ ഉൾപ്പടെ കഴിഞ്ഞദിവസം പുലിയും കരടിയും ഇറങ്ങി ജനങ്ങളെ ഭീതിയിലാക്കിയിരുന്നു. പാമ്പനാറിന് സമീപം ലാൻട്രത്ത് ഒരു കുട്ടി അടക്കംമൂന്ന് പുലികളാണ് എത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.വന്യമൃഗ ശല്യം കൂടുതൽ രൂക്ഷമായതോടെയാണ് സർവ്വകക്ഷിയോഗം ചേർന്നത്. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് അർ. ദിനേശൻ യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു.
=വനം,റവന്യൂ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് യോഗം നടന്നത് .മുഖ്യമന്ത്രി, വനം മന്ത്രി, എം.പി .എം.എൽ.എ. എന്നിവരെ നേരിൽ പ്രശ്നത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്താൻ യോഗം തീരുമാനിച്ചു.
=വന്യമൃഗപ്രശ്നം സംബന്ധിച്ച നടപടി ആവശ്യപ്പെട്ട് പീരുമേട് പഞ്ചായത്ത് കഴിഞ്ഞദിവസം പ്രമേയം പാസാക്കിയിരുന്നു.
=വന്യമൃഗങ്ങൾ കാടിറങ്ങി ജലവാസ മേഖലയിലേക്ക് എത്താതിരിക്കാനുള്ള സംവിധാനങ്ങൾ അടിയന്തരമായി ഉണ്ടാകണമെന്ന് ആവശ്യമാണ് ഉയർന്നത് ഇതിനുവേണ്ട നടപടികൾ പ്രാഥമിക ഘട്ടം തുടങ്ങിയെങ്കിലും വളരെ വേഗത്തിൽ ഇവ നടപ്പിലാക്കി പൂർത്തീകരിക്കണമെന്ന് ആവശ്യവും യോഗത്തിൽ ഉയർന്നു.