കട്ടപ്പന : കുന്നിൻമുകളിൽ നീല വസന്തം തീർക്കുന്ന കുറിഞ്ഞിപ്പൂക്കൾ ഏറെ കൗതുകമാണ് സമ്മാനിക്കുന്നത്. കട്ടപ്പനയുടെ തിലകക്കുറിയായ കല്യാണത്തണ്ടിലാണ് ഇക്കൊല്ലം കുറിഞ്ഞിപ്പൂക്കൾ കാഴ്ചാവിരുന്ന് ഒരുക്കിയിരിക്കുന്നത്. ഇവ കൂട്ടത്തോടെ പൂക്കുന്നതിനാൽ കല്യാണത്തണ്ടിന്റെ സൗന്ദര്യത്തിന് മാറ്റേറുകയാണ്. കല്യാണത്തണ്ട് മലനിരകളിൽ മേട്ടുകുറിഞ്ഞി വിഭാഗത്തിൽപ്പെട്ട കുറുഞ്ഞിയാണ് പൂത്തിരിക്കുന്നത്.എട്ടുവർഷങ്ങൾക്ക് മുമ്പാണ് ഇവിടെ കുറിഞ്ഞു പൂത്തത്. മലനിരകളിൽ നീല വസന്തം തീർത്തിരിക്കുന്ന കുറുഞ്ഞി പൂക്കൾക്കൊപ്പം ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ അഞ്ചുരുളി ജലാശയത്തിന്റെ കാഴ്ചകുടിച്ചേരുമ്പോൾ വേറിട്ട സൗന്ദര്യമാണ് അണിഞ്ഞിരിക്കുന്നത്.
നീല നിറത്തിലുള്ള കുറിഞ്ഞി പൂക്കൾ കുഞ്ഞിൻ ചെരുവുകൾക്കു നീല പുടവ വിരിച്ച കാഴ്ച കാണാൻ നിരവധി ആളുകളും ഇവിടേക്ക് എത്തുന്നു. ലോകപൈതൃക പദവിയിലേക്ക് പശ്ചിമഘട്ടത്തിനെ ഉയർത്തുന്നതിൽ കുറിഞ്ഞികൾ വളരെ ഗണ്യമായ പങ്കാണ് വഹിക്കുന്നത്. ഒപ്പം സംരക്ഷിത വിഭാഗത്തിൽപ്പെട്ട ചെടികളാണ് ഇപ്പോൾ കുറിഞ്ഞി ചെടികൾ.കേരള വനം വന്യജീവി വകുപ്പാണ് കുറിഞ്ഞി ചെടികളെ സംരക്ഷിക്കുന്നത്. 2006മുതൽ കുറിഞ്ഞി ചെടി പറിക്കുന്നത് ശിക്ഷാർഹമാണ്.
പശ്ചിമഘട്ടത്തിൽ
64 തരം കുറിഞ്ഞികൾ
ലോകത്ത് 450 ഇനം കുറിഞ്ഞുകളുണ്ട് . ഇവയിൽത്തന്നെ 40 ശതമാനവും ഇന്ത്യയിലും കാണപ്പെടുന്നു . പശ്ചിമഘട്ടത്തിൽ മാത്രം 64 തരം കുറിഞ്ഞികൾ ഉണ്ടെന്നാണ് പഠനം.സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1200 മീറ്റർ ഉയരത്തിലാണ് ഇവ വളരുന്നത്.പ്രധാനമായും ഇടുക്കി യുടെ മലനിരകളിൽ വിവിധ ഇനത്തിലുള്ള കുറിഞ്ഞികൾ പൂക്കുന്നു. ഇതിൽ ഒരു വർഷം കൂടുമ്പോൾ പൂക്കുന്നവ മുതൽ 16 വർഷം കൂടുമ്പോൾ പൂക്കുന്ന കുറിഞ്ഞി ചെടികളും ഉണ്ട്.