road
കല്യാണത്തണ്ട് റോഡ്

കട്ടപ്പന : തുടർച്ചയായുള്ള അപകടങ്ങളുടെ ഇടമായികല്യാണത്തണ്ട് റോഡ് മാറി. കുത്തനെയുള്ള കയറ്റമാണ് പ്രശ്നമാകുന്നത്. കയറ്റത്തിൽ വാഹനത്തിന്റെ വേഗത പൂർണ്ണമായും കുറയുന്നതും ചിലവാഹനങ്ങൾ ഓഫാകുന്നതും പിന്നോട്ടുരുളുന്നതും നിരന്തര അപകടങ്ങൾക്ക് കാരണമാകുകയാണ്. അതോടൊപ്പം കുത്തിറക്കം ഇറങ്ങിവരുന്ന വാഹനങ്ങൾ നിയന്ത്രണം നഷ്ടമായി മറിയുന്നതും പതിവാണ്. കോൺക്രീറ്റ് ചെയ്തിട്ടുള്ള പാതയിൽ വഴുക്കലുള്ളത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ഓടകളുടെ അഭാവത്തിൽ മഴവെള്ളം റോഡിലൂടെ ഒഴുകുന്നതാണ് വഴുക്കലുണ്ടാവാൻ കാരണം. അതോടൊപ്പം റോഡിന് മതിയായ വീതി ഇല്ല എന്നതും അപകടം വർദ്ധിപ്പിക്കും. മുൻപ് 8 മീറ്റർ വീതി ഉണ്ടായിരുന്നെങ്കിൽ നിലവിൽ ആറുമീറ്റർ വീതി മാത്രമാണ് പാതയ്ക്കുള്ളത് . നഗരസഭയുടെ 31, 32 വാർഡുകളുടെ അതിർത്തി പങ്കിടുന്ന പാതിയാണിത്. എന്നാൽ റോഡിന്റെ അപകടാവസ്ഥയേക്കുറിച്ച് നാട്ടുകാർ നിരവധി തവണ പരാതി ഉന്നയിച്ചിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
കോളേജ് വിദ്യാർത്ഥികൾ അടക്കം ഇരുചക്ര വാഹനത്തിൽ അമിതവേഗത്തിൽ ഇതുവഴി പോകുന്നത് മറ്റ് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയുമാകുന്നുണ്ട്. കല്യാണത്തണ്ട് അമ്പലത്തിലേക്ക് എത്തുന്ന വിശ്വാസികളും മലനിരകളിൽ എത്തുന്ന വിനോദസഞ്ചാരികളും ഏറ്റവുമധികം ഉപയോഗിക്കുന്ന പാതയാണിത് . കുറിഞ്ഞി പൂത്ത കാലമായതിനാൽ വിനോദസഞ്ചാരികളുടെ എണ്ണവും കൂടി. സ്ഥല പരിചയം കുറവുള്ള നിരവധി വാഹനയാത്രികരാണ് ഇതുവഴി കടന്നു പോകുന്നത്. നിരവധി ആളുകൾ ഉപയോഗിക്കുന്ന പാതയുടെ അപകടാവസ്ഥ പരിഹരിക്കാൻ വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

നിരന്തരം അപകടം

കുത്തിറക്കത്തിൽ മറിഞ്ഞ് കഴിഞ്ഞദിവസം നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ മറിഞ്ഞ് കല്യാണത്തണ്ട് സ്വദേശി മരിച്ചിരുന്നു. അതിനോടൊപ്പം തന്നെ കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടമായ ഇരുചക്ര വാഹനം കുഴിയിലേക്ക് പതിച്ചും അപകടമുണ്ടായി. ഒരുമാസം മുമ്പ് ലോഡുമായി എത്തിയ ലോറിയും തലകീഴായി മറിഞ്ഞ് അപകടം ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ നിരന്തര അപകടങ്ങൾക്ക് കാരണമാകുകയാണ് കല്യാണത്തണ്ട് റോഡ്.