കട്ടപ്പന :വർക്ക് ഫ്രം ഹോം ആയി ദിവസം 4500 രൂപ വരെ സമ്പാദിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവിൽനിന്നും ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്തു. വെള്ളിലാംകണ്ടം സ്വദേശി കോരംകുഴയ്ക്കൽ റിനോയിയാണ് 618411 രൂപ നഷ്ടപ്പെട്ടെന്ന്പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.ടെലിഗ്രാം അക്കൗണ്ടിൽ വന്ന മെസേജിലൂടെ ത്രില്ലോ ഫീലിയ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്തി. തുടർന്ന് ത്രില്ലോ ഫീലിയ ആപ്ലിക്കേഷനിൽ യുവാവിന്റെ പേരിൽ രൂപീകരിച്ച അക്കൗണ്ടിലെ വാലറ്റിലേക്ക് 10,000 രൂപ നൽകി. ഈ തുക ഉപയോഗിച്ച് 20 ടാസ്‌കുകൾ യുവാവ് പൂർത്തിയാക്കി. ഇതിന് 1031 രൂപ കമ്മിഷനായി നൽകി. അതിനുശേഷം ഇത്തരം ടാസ്‌കുകൾ ചെയ്യണമെങ്കിൽ പണം അടയ്ക്കണമെന്ന് തട്ടിപ്പുകാർ അറിയിച്ചു. അങ്ങനെ പണം നിക്ഷേപിച്ചാൽ പണവും കമ്മിഷനും തിരികെ ലഭിക്കുമെന്നും അറിയിച്ചു.ഇങ്ങനെ 618411 രൂപ വിവിധ അക്കൗണ്ടുകളിലേക്കാണ് തട്ടിപ്പുകാർ വാങ്ങിയത്. ഒടുവിൽ പണമോ കമ്മിഷനോ ലഭിച്ചില്ല. ഇതോടെ തട്ടിപ്പ് മനസ്സിലാക്കിയാണ് റിനോയ് പൊലീസിൽ പരാതി നൽകിയത്.