പീരുമേട്: ലാൻഡ്രം തേയിലതോട്ടം മേഖലയിൽ വനംവകുപ്പ് ഒരുക്കിയ കൂട്ടിൽ ഇതുവരെ പുലി വീണില്ല. ഈ കെണിയിൽപ്പെടാതെ പുലി ജനവാസ മേഖലയിൽ ഇറങ്ങി ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. ബഥേൽ പ്ലാന്റേഷന്റെ തേയിലതോട്ടം മേഖലയായ തെപ്പക്കുളത്തിന് സമീപം ലാൻഡ്രം ലക്ഷ്മി ഡിവിഷന് സമീപത്ത് വെള്ളിയാഴ്ച രാവിലെ കൊളുന്തെടുക്കാനെത്തിയ തൊഴിലാളി സ്ത്രീകൾ പുലിയെ കണ്ട് ബോധരഹിതരായി. ഈ പ്രദേശത്ത് ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥരും ആർ.ആർ.ടി യൂണിറ്റും പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശനും പഞ്ചായത്തംഗങ്ങളും സന്ദർശിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പശുക്കളെ പുലി പിടിച്ചതിനെ തുടർന്ന് ആദ്യം ക്യാമറ സ്ഥാപിച്ചിരുന്നു. പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞതോടെ പ്രദേശത്ത് പുലിയെ പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ കെണി ഒരുക്കിയ കൂട്ടിൽ പുലി വീണില്ല. വിനോദ സഞ്ചാര കേന്ദ്രമായ തെപ്പക്കുളം ചാർലി കുളത്തിന് സമീപത്തായി തേയില തോട്ടത്തിന് അരികിലുള്ള ചതുപ്പ് പ്രദേശത്താണ് കൊളുന്ത് എടുക്കാനെത്തിയവർ പുലിയെ കണ്ടത്. തുടർന്ന് ഇന്നലെ പരിശോധന നടത്തിയിട്ടും പുലിയെ കണ്ടെത്താനായില്ല. പ്രദേശത്തെ തേയിലത്തോട്ടം മേഖലയിൽ പുലിയുടെ സാന്നിധ്യം ഉണ്ടായതോടെ തൊഴിലാളികളെ ധൈര്യമായി ജോലി ചെയ്യിക്കാൻ കഴിയാത്ത സാഹചര്യം നിലവിലുള്ളതായി തോട്ടം ഫീൽഡ് ഓഫീസർമാരും പറയുന്നു.