തൊടുപുഴ: നഗരസഭാ ചെയർമാനായിരുന്ന സനീഷ് ജോർജ് രാജി വച്ചതിനെ തുടർന്നുള്ള പുതിയ ചെയർമാൻ തിരഞ്ഞെടുപ്പ് നാളെ രാവിലെ 11ന് നഗരസഭ കൗൺസിൽ ഹാളിൽ നടക്കും. നിലവിൽ കൗൺസിലിൽ കേവല ഭൂരിപക്ഷമുള്ളതിനാൽ യു.ഡി.എഫിനാണ് സാദ്ധ്യത. യു.ഡി.എഫിൽ നിന്ന് കോൺഗ്രസും മുസ്ലീംലീഗും കേരളകോൺഗ്രസും അവകാശവാദവുമായി രംഗത്തുണ്ട്. അവസാനവട്ടം കോൺഗ്രസിൽ നിന്ന് കെ. ദീപക്കും മുസ്ലീംലീഗിൽ നിന്ന് എം.എ. കരീമുമാണ് അവരവരുടെ പാർലമെന്ററി പാർട്ടികൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഇനി ഒരു വർഷവും നാല് മാസവും മാത്രമാണ് ഭരണകാലാവധി അവശേഷിക്കുന്നത്. മുന്നണി ധാരണപ്രകാരം പാർട്ടികൾക്ക് കാലാവധി വീതം വച്ചു നൽകാനാണ് സാദ്ധ്യത. ചുരുങ്ങിയ കാലാവധി മാത്രമുള്ളതിനാൽ ഒറ്റ ചെയർമാൻ മതിയെന്ന ആവശ്യവും മുന്നണിയിലുണ്ട്. തൊടുപുഴയിൽ യു.ഡി.എഫ് നേതാക്കൾ രാത്രി വൈകിയും ചർച്ച തുടരുകയാണ്. ചെയർമാൻ സ്ഥാനാർത്ഥിയാരാകുമെന്ന് ഇന്നറിയാം. ഇതിന് ശേഷം അതത് പാർട്ടികൾ യോഗം ചേർന്ന് ആരാകണം തങ്ങളുടെ ചെയർമാനെന്ന് തീരുമാനിക്കും. എൽ.ഡി.എഫും ഇന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കും. എട്ട് അംഗങ്ങൾ മാത്രമുള്ള ബി.ജെ.പി ആദ്യ റൗണ്ടിൽ സ്ഥാനാർത്ഥിയെ നിറുത്തിയ ശേഷം രണ്ടാം റൗണ്ടിൽ വിട്ടുനിൽക്കും.
നഗരസഭാ ഒമ്പതാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് 35 അംഗ കൗൺസിലിൽ യു.ഡി.എഫിന്റെ അംഗബലം 13 ആയി ഉയർന്നത്. ഇതിൽ കോൺഗ്രസിനും മുസ്ലീം ലീഗിനും ആറ് അംഗങ്ങൾ വീതവും കേരളകോൺഗ്രസിന് ഒരു അംഗവുമാണുള്ളത്.
നേരത്തെ എൽ.ഡി.എഫ്- 15, യു.ഡി.എഫ്- 12, ബി.ജെ.പി- എട്ട് എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷിനില. എന്നാൽ എൽ.ഡി.എഫിനെ പിന്തുണച്ചിരുന്ന 11ാം വാർഡ് കൗൺസിൽ മാത്യു ജോസഫിനെയും ഒമ്പതാം വാർഡ് കൗൺസിലറായിരുന്ന ജെസി ജോണിയെയും ഹൈക്കോടതി അയോഗ്യയാക്കിയിരുന്നു. ഇതോടെ രണ്ടു സീറ്റുകൾ കുറഞ്ഞ് എൽ.ഡി.എഫും 13 എന്ന നിലയിലെത്തി. എൽ.ഡി.എഫ് പിന്തുണയോടെ ചെയർമാനായ സനീഷ് ജോർജ് കൈക്കൂലിക്കേസിൽ അകപ്പെട്ട് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. എന്നാൽ ചെയർമാൻ തിരഞ്ഞെടുപ്പിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് സനീഷ് കഴിഞ്ഞ ദിവസം അറിയിച്ചത്. അങ്ങനെ വന്നാൽ യു.ഡി.എഫിന് മൂന്നര വർഷത്തിന് ശേഷം ഭരണം ലഭിക്കും. ചെയർമാൻ തിരഞ്ഞെടുപ്പിൽ സനീഷ് ജോർജ് എൽ.ഡി.എഫിനൊപ്പം തന്നെ നിന്നാൽ നറുക്കെടുപ്പു വേണ്ടി വരും.
22ന് വൈസ് ചെയർപേഴ്സനെതിരായ അവിശ്വാസം
നഗരസഭാ വൈസ് ചെയർപഴ്‌സൻ ജെസി ആന്റണിക്കെതിരെ യു.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയം 22ന് രാവിലെ 11ന് നഗരസഭാ കൗൺസിലിൽ ചർച്ചയ്ക്കെടുക്കും. തുടർന്ന് വോട്ടെടുപ്പ് നടക്കും. 35 അംഗ കൗൺസിലിൽ നിലവിൽ 34 അംഗങ്ങളാണുള്ളത്. അവിശ്വാസം പാസാകണമെങ്കിൽ കുറഞ്ഞത് 18 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. യു.ഡി.എഫിന് ഒറ്റയ്ക്ക് ഇതിനുള്ള അംഗബലം ഇല്ലാത്തതിനാൽ ബി.ജെ.പിയുടെ പിന്തുണ ലഭിച്ചാൽ മാത്രമേ അവിശ്വാസം പാസാകൂ. എന്നാൽ ബി.ജെ.പി ഇക്കാര്യത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കേരള കോൺഗ്രസ് (എം) പ്രതിനിധിയായ ജെസി ആന്റണിയ്ക്കെതിരെ 13 യു.ഡി.എഫ് അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ നോട്ടീസ് എട്ടിനാണ് ഇടുക്കിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് കൗൺസിലർ കെ. ദീപക് കൈമാറിയത്. ഇടുക്കി ആർ.ഡി.ഒ വാരാണാധികാരിയാകും.