കട്ടപ്പന: വനം വിട്ട് ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടുമൃഗങ്ങളെ തുരത്താൻ ഇനി മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കറിയാം. സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ തകിടിയേൽ കുഞ്ഞുമോൻ വിദ്യാർത്ഥികൾക്ക് മുളതോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകി. നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ ഏറ്റവും ഉത്തമമായും സുരക്ഷിതമായും പ്രയോഗിക്കാൻ സാധിക്കുന്ന വിദ്യയാണ് മുളതോക്ക്. മൃഗങ്ങൾക്ക് ദ്രേഹോദ്രപം ഏൽക്കാതെ വിരട്ടിയോടിക്കാൻ സാധിക്കുന്നു എന്നതും പ്രത്യേകതയാണ്. മുളത്തോക്കിന്റെ ഉപയോഗം ആദ്യം വിദ്യാർത്ഥികൾ ഭയത്തോടെ വീക്ഷിച്ചെങ്കിലും, പിന്നീട് അനായാസമായി വിദ്യാർത്ഥികളും ഇത് പ്രയോഗിക്കാൻ തുടങ്ങി. നാല് മുട്ടോടുകൂടിയ മുളയും കുറച്ചു തുണിയും മണ്ണെണ്ണയും ഉണ്ടെങ്കിൽ ഉഗ്രശബ്ദത്തോടെയുള്ള തീ തുപ്പുന്ന മുളതോക്ക് തയ്യാറാക്കാം. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ അപകടരഹിതമായി ഇത് കൈകാര്യം ചെയ്യാൻ സാധിക്കും. 60 വർഷങ്ങൾക്കു മുമ്പ് മുളതോക്ക് സാധാരണയായി ഉപയോഗിച്ചുവന്നിരുന്നതാണ്. പിൻകാലത്ത് ഇത് കേട്ടുകേൾവി മാത്രമായി മാറി. എന്നാൽ മറ്റപ്പള്ളി സ്വദേശി തകടിയേൽ കുഞ്ഞുമോൻ ഇപ്പോഴും ഇത് നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ഉപയോഗിക്കുന്നുമുണ്ട്. പിതാവിൽ നിന്ന് ലഭിച്ച അറിവും പരിശീലനവും വഴിയാണ് കുഞ്ഞുമോൻ തോക്കുകൾ നിർമ്മിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് കാട് ഇറക്കുന്ന ഒറ്റയാൻ കരിവീരന്മാരെ വരെ തുരത്തി ഓടിക്കാൻ മുള തോക്ക് വ്യാപകമായി ഉപയോഗിച്ചിരുന്നു. പരിപാടികൾക്ക് സ്‌കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഷിനു മാനുവേൽ, അദ്ധ്യാപിക ലിൻസി ജോർജ്, പി.ടി.എ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി, വിദ്യാർത്ഥികളായ വി.ആർ. പാർവതി, ചിത്തിര ബാലകൃഷ്ണൻ, സൗമ്യ സന്തോഷ്, വിഷ്ണു മനോജ്, മിഥുൻ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

നിർമ്മാണവും ഉപയോഗവും

മൂപ്പെത്തിയ മുളങ്കമ്പിന്റെ കഷ്ണമാണ് പ്രധാനമായും വേണ്ടത്. നാലു മുട്ടുകളുള്ള മുളയിൽ മൂന്ന് മുട്ടുകൾക്ക് ദ്വാരമിടും. ഒപ്പം മുളയുടെ തുടക്കത്തിൽ അടഞ്ഞിരിക്കുന്ന മുട്ടിന്റെ ഭാഗത്തായി പുറത്ത് ചെറിയ ദ്വാരമിട്ട ശേഷം ഇതുവഴി അല്പം കോട്ടൺ തുണിയുടെ കഷ്ടം ഇറക്കിവെച്ച് മണ്ണെണ്ണ തളിക്കും. ഇതിലേക്ക് തീ പകർന്ന ശേഷം ഇത് ഊതിക്കെടുത്തുന്നു.അതിന്റെ ഫലമായി മുളങ്കമ്പിലാകെ പുക നിറയുകയും ചെയ്യും. ഈ പുക തീയിട്ട അതേ ദ്വാരത്തിലൂടെ ഊതി മുളങ്കമ്പിന്റെ ഒരു ഭാഗത്തേക്ക് മാറ്റും. ഈ സമയം കത്തിച്ചു വച്ചിരിക്കുന്ന വിളക്കിൽ നിന്ന് ചെറിയൊരു കമ്പിൽ തീ പകർന്ന് തുണി വച്ചിരിക്കുന്ന ദ്വാരത്തിലേക്ക് വയ്ക്കുമ്പോൾ ഉള്ളിലെ പുകയുടെ മർദ്ദത്താൽ ഉഗ്രശബ്ദത്തോടെ സ്‌ഫോടനം നടക്കുന്നതാണ് മുള തോക്കിന്റെ പ്രവർത്തനം.