കട്ടപ്പന: ലൈറ്റുകൾക്ക് തകരാറുകൾ സംഭവിച്ചതോടെ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് രാത്രി സമയങ്ങളിൽ അന്ധകാരത്തിൽ. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ലൈറ്റുകളും വിവിധ വഴിവിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും പ്രവർത്തനരഹിതമായതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കേന്ദ്രമാവുകയാണ് പുതിയ ബസ് സ്റ്റാൻഡ്. കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിലുള്ള പുതിയ ബസ് സ്റ്റാൻഡിൽ ദീർഘദൂര യാത്രകൾക്കായി നിരവധി പേരാണ് രാത്രി സമയങ്ങളിൽ എത്തുന്നത്. എന്നാൽ രാത്രി സമയങ്ങളിൽ സ്റ്റാൻഡ് കെട്ടിടത്തിലെ പല ലൈറ്റുകളും പ്രകാശിക്കാറില്ല. എന്നാൽ പകൽ സമയം ഇവ വൈദ്യുതി നഷ്ടപ്പെടുത്തി പ്രകാശിച്ചു നിൽക്കുന്ന കാഴ്ചയും കാണാനാകും. സ്റ്റാൻഡിലേക്ക് കടന്നുവരുന്ന പാതകളിൽ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകളും പൂർണമായി മിഴി അടച്ചിരിക്കുകയാണ്. സ്റ്റാൻഡിന്റെ കോമ്പൗണ്ടിൽ വിവിധ ഇടങ്ങളിൽ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. അതോടൊപ്പം സ്റ്റാൻഡിന്റെ പ്രധാന കവാടങ്ങളിൽ ഒന്നായ ഇടശ്ശേരി ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റും നാളുകളായി പ്രകാശിക്കുന്നില്ല. ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ നഗരസഭ കൃത്യസമയത്ത് നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവിൽ വ്യാപരസ്ഥാപനങ്ങളിൽ നിന്നുള്ള ലൈറ്റുകൾ മാത്രമാണ് യാത്രക്കാർക്ക് ആകെയുള്ള ആശ്രയം. എന്നാൽ വ്യാപാരസ്ഥാപനങ്ങൾ അടയ്ക്കുന്നതോടെ വീണ്ടും കൂറ്റാക്കൂരിരുട്ടിലാകുകയാണ് പുതിയ ബസ് സ്റ്റാൻഡ്. വഴിവിളക്കുകളുടെ അഭാവത്തിന് പുറമേ ക്യാമറകൾ പ്രവർത്തനരഹിതമായതും കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. അടിയന്തരമായി ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ നടത്തി പുതിയ ബസ് സ്റ്റാൻഡിലെ രാത്രികാല സുരക്ഷ ഉറപ്പാക്കണം എന്ന ആവശ്യമാണ് ശക്തമാകുന്നത്.

ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധശല്യവും

വെളിച്ചമില്ലാത്തത് സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിക്കുന്നതിനും രാത്രി സമയങ്ങളിൽ സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് ഭീഷണിയാകുന്നതിനും കാരണമാണ്. കഴിഞ്ഞദിവസം രാത്രി സമയത്ത് സ്റ്റാൻഡിലെത്തിയ യാത്രക്കാർക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായി. സ്റ്റാൻഡിൽ ആളൊഴിയുന്നതോടെ രാത്രി സമയങ്ങളിൽ ഇരുട്ടിന്റെ മറവ് പറ്റി ഇത്തരത്തിലെ അക്രമണങ്ങൾ പതിവാവുകയാണ്. അന്യസംസ്ഥാന തൊഴിലാളികൾ രാത്രിയുടെ മറവിൽ ലഹരി വസ്തുക്കളുടെ വില്പനയും ഇവിടെ നടത്തുന്നുണ്ട്. പലപ്പോഴും അന്യസംസ്ഥാന തൊഴിലാളികൾ ബസ് സ്റ്റാൻഡ് കൈയടക്കുന്നതോടെ തദ്ദേശിയരായ ആളുകൾക്കും ഇവിടെ നിൽക്കാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്.