കട്ടപ്പന: അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും കുട്ടിക്കാനം- പുളിയന്മല സംസ്ഥാനപാതയുടെ ഭാഗവുമായ വെള്ളിലാംങ്കണ്ടം കുഴൽ പാലത്തിന്റെ കൽക്കെട്ടുകൾ തകർന്ന് വീണു. മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി പാലത്തിൽ നവീകരണ പ്രവർത്തനം നടക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി പണിത് പൂർത്തിയാക്കിയ കൽക്കെട്ടിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. ഇതോടെ ഇവിടെ നിർമ്മിച്ച മുഴുവൻ കൽക്കെട്ടുകൾക്കും ബലക്ഷയം സംഭവിച്ചു. അതോടൊപ്പം നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പ്രദേശവാസികളും രംഗത്ത് വന്നു. ചരിത്രപ്രസിദ്ധമായ കുഴൽ പാലത്തിന്റെ നവീകരണത്തെ സംബന്ധിച്ച് ആദ്യം മുതൽക്കേ വിവാദങ്ങൾ ഉണ്ടായിരുന്നു. നടപ്പാതയും ഇരിപ്പിടങ്ങളുമടക്കം സജ്ജമാക്കി ഇടുക്കിയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ ഇടത്താവളമാക്കാനായിരുന്നു ആദ്യത്തെ തീരുമാനം. പിന്നീട് ഡാം സേഫ്‌റ്റി അധികൃതർ ഇതിന് തടസവാദം ഉന്നയിക്കുകയും തീരുമാനം മാറ്റി പാലത്തിന്റെ കൽക്കെട്ട് നിർമ്മാണം മാത്രമായി ചുരുക്കുകയും ചെയ്തു. എന്നാൽ നിലവിലെ നിർമ്മാണത്തിനും നിരവധി അപാകതകൾ ഉണ്ടെന്ന് പൊതുപ്രവർത്തകരും പ്രദേശവാസികളും ചൂണ്ടിക്കാണിക്കുന്നു.