'ജന്മദിനത്തിൽ ലൈബ്രറിക്ക് ഒരു പുസ്തകം 'പദ്ധതിയുമായി ബി. എഡ് കോളേജ്
നെടുങ്കണ്ടം : ഇവിടെ ജൻമദിന ആഘോഷങ്ങൾ നടക്കുന്നത് കേക്ക് മുറിച്ചോ മധുരം വിതരണംചെയ്തോ അല്ല, പകരം ലൈബ്രറിയിലേയ്ക്ക് ഒരു പുസ്തകം സംഭാവനയായി നൽകും. നെടുങ്കണ്ടംബി എഡ് കോളേജിലെ ലൈബ്രറിക്കാണ് ഇത്തരം ഒരുപാട് പേരുടെ ജൻമദിനങ്ങളുടെ മധുരസ്മരണകൾ പറയാനുള്ളത്. ഈ ലൈബ്രറിയിലെ ഓരോ പുസ്തകങ്ങളും ഓരോ ഓർമപ്പെടുത്തലുകളാണ്. വർഷങ്ങൾക്മുൻപ് തുടങ്ങിവെച്ച ഒരു പരിപാടി കൂടുതൽ ജനകീയമാക്കാൻ ഒരുങ്ങുകയാണ് അധികൃതർ. .
കോളേജ് ലൈബ്രറി നിശബ്ദമായി പുസ്തകം വായിക്കാനുള്ള ഒരു ഇടം മാത്രമല്ല ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ ആഘോഷിക്കാനുള്ള ഇടം കൂടിയായി മാറിക്കഴിഞ്ഞു. . ഈ കോളേജിലെ ഓരോ വിദ്യാർത്ഥിയും ജന്മദിനമാഘോഷിക്കുന്നത് കൂട്ടുകാരുമൊത്ത് കേക്ക് മുറിച്ചോ മിട്ടായി വിതരണം നടത്തികൊണ്ടോ അല്ല, പകരം ജന്മദിവസം ആഘോഷിക്കുന്നവർ സഹപാഠികളുമൊത്ത് കോളേജ് ലൈബ്രറിയിൽ ഒത്തുകൂടുന്നു .ഓരോ ബുക്ക് തങ്ങളുടെ ജന്മദിനഉപഹാരമായി കോളേജ് പ്രധാന അദ്ധ്യാപകനെ ഏല്പിക്കുന്നു. പിന്നെ ആശംസകൾ നേരുന്നു. പുസ്തക രജിസ്റ്ററിൽ ഒരു പേര് കൂടി ചേർക്കപ്പെടും.ടെക്‌നോളജി യുഗത്തിൽ മറന്നുപോകുന്നവായനാശീലം തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം കൂടിയാണ് തുടർന്ന്പേരുന്നത്. . കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ഡിപ്പാർട്‌മെന്റിലെ വിദ്യർത്ഥിനി റിസ്വാന ജൻമദിനത്തിൽ ഒരു പുസ്തകം സമ്മാനമായി നൽകി. പ്രിൻസിപ്പൽ ഡോ. രാജീവ് പുലിയൂർ പുസ്തകം ഏറ്റുവാങ്ങി ലൈബ്രറേറിയൻ ജി. അനൂപിന് പുസ്തകം കൈമാറി. പുസ്തകം കോളേജ് റജിസ്റ്ററിൽ ചേർത്തു. പ്രതിമാസ വായന കൂട്ടായ്മകളും പുസ്തക ചർച്ചകളും കൊണ്ട് അദ്ധ്യാപനപരിശീലന പ്രവർത്തനങ്ങൾ ഏറെ ആസ്വാദ്യകരമാക്കുകയാണ് ഈ കലാലയം.
സഞ്ചരിക്കുന്ന
ലൈബ്രറിയും
ഇനി സഞ്ചരിക്കുന്ന ലൈബ്രറിയാണ് കോളേജ് ലക്ഷ്യമിടുന്നത്. എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുക. പഞ്ചായത്തിന്റെ വാർഡുകളിൽ ഓരോ വീടുകളിലും ജനകീയ വായന പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ പുസ്തകങ്ങൾ വായനക്കാരെ തേടിയെത്തും.