vagamon
വാഗമണ്ണിലെ കൈയേറ്റഭൂമി റവന്യൂ വകുപ്പ് തിരിച്ചു പിടിച്ച് ബോർഡ് വച്ചപ്പോൾ

പീരുമേട്: വാഗമൺ വിനോദസഞ്ചാരമേഖലയിൽ സ്വകാര്യ വ്യക്തികൾ ഭൂമി കൈയേറ്റം വ്യാപകമാക്കിയതോടെ നടപടികളുമായി അധികൃതർ രംഗത്തെത്തി. ഒറ്റദിവസംകൊണ്ട് മാത്രം 15 ഏക്കർ ഭൂമി ഒഴിപ്പിച്ചു.വാഗമൺ വില്ലേജിലെ കോലാഹലമേട് മൊട്ടക്കുന്ന്, മൂൺമല എന്നിവിടങ്ങളിൽ സ്വകാര്യ വ്യക്തികൾ സ്ഥലം കൈയേറി വേലി സ്ഥാപിച്ചിരുന്നു. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കൈയേറ്റം ബോദ്ധ്യപ്പെട്ടതോടെയാണ് ഒഴിപ്പിക്കൽ നടപടിയുമായി റവന്യൂ വകുപ്പ് നീങ്ങിയത്. മലനിരകളിൽ വേർ തിരിക്കാതെ കിടന്ന സർക്കാർ സ്ഥലങ്ങളാണ് കൈവശപ്പെടുത്തിയത്.

പീരുമേട് തഹസിൽദാർ ബി. അഖിലേഷ് കുമാർ, വില്ലേജ് ഓഫിസർ ആൻസൺ മാത്യു,താലൂക്ക് സർവേയർ അജീഷ് തോമസ്, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ഷൈൻമോൻ എം. കെ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിനീത് കെ. എംഎന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം തിരിച്ചു പിടിച്ചത്.

സർക്കാർ

ഭൂമിയിൽചേർത്തു

കോലാഹലമേട് മൊട്ടക്കുന്നിൽ കൈയേറിയ 10.81 ഏക്കർ, മൂൺമലയിൽ 4 ഏക്കർ എന്നിവയാണ് ഒഴിപ്പിച്ച് റവന്യൂ ഭൂമിയോടൊപ്പം ചേർത്തത്. ഇവിടെ സർക്കാർ ഭൂമിയെന്ന ബോർഡും സ്ഥാപിച്ചു.

ആദ്യം വേലികെട്ടും

പിന്നെ കൈക്കലാക്കും

വാഗമണ്ണിന്റെ വിവിധ മേഖലകളിൽ ഭൂമി കൈയേറ്റ മാഫിയ പിടിമുറുക്കുകയാണ് . ടൂറിസം രംഗം കുതിക്കുന്നതിനാൽ ഭൂമിവില കുത്തനെ ഉയർന്നിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും റിസോർട്ട് ഉൾപ്പടെയുള്ളവയ്ക്കായി ഇവിടെ ഭൂമി വാങ്ങാൻ താൽപര്യവുമായി വരുന്നുണ്ട്. ഇതോടെ ഭൂമിക്ക് മോഹവില ലഭിക്കുന്ന സാഹചര്യവുമുണ്ടായി. ഇവിടെ സ്ഥം വാങ്ങിയ ചിലർ തങ്ങളുടെ ഭൂമി അളന്ന് വേലികെട്ടുമ്പോൾ കുറേ അധികം സ്ഥലംകൂടി ഒപ്പം ചേർക്കും. സർക്കാർ സ്ഥലമായതിനാൽ ആരും കൈയേറ്റം അറിയില്ല. ആദ്യം സ്ഥലത്ത് താൽക്കാലിക ഷെഡ് നിർമ്മിക്കും. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നില്ലന്നു വരുമ്പോൾ സ്ഥിരം കെട്ടിടം വയ്ക്കും. ഇത് വാടകയ്ക്കു നൽകാൻ പോലും ഇവർ തയ്യാറാകുന്നു.ഇതേ രീതിയിൽ പല സ്ഥങ്ങളിൽ നടക്കുന്നതായി അറിയുന്നതോടെ റവന്യൂഅധികൃതർ എത്തി ഒഴിപ്പിക്കുകയാണ് ചെയ്യുന്നത്.