ഇടുക്കി : കേരളത്തിൽ ഏറ്റവും കൂടുതൽ ഉരുൾപ്പൊട്ടലുകളും മലയിടിച്ചിലും പ്രളയവും സമാന പ്രകൃതിദുരന്തങ്ങളും സംഭവിച്ചിട്ടുള്ള ഇടുക്കി ജില്ലയിൽ ഡിസ്സാസ്റ്റർ മാനേജ്‌മെന്റിന് മാത്രമായി ഒരു ഡെപ്യൂട്ടി കളക്ടറെ നിയമിക്കണമെന്ന് ഡീൻ കര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. 2018 മുതൽ ഇടുക്കിയിലെ പൊതുപ്രവർത്തകരും സന്നദ്ധസേവകരും നിരന്തരം ആവശ്യപ്പെട്ടുവരുന്ന ഈ കാര്യം നിരവധിത്തവണ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്. പ്രകൃതിദുരന്തങ്ങൾ തുലോം കുറവുള്ള മറ്റ് ജില്ലകളിൽ ഡിസ്സാസ്റ്റർ മാനേജ്‌മെന്റിന് മാത്രമായി ഒരു ഡപ്യൂട്ടി കലക്ടർക്ക് ചുമതല ഉള്ളപ്പോൾ മുല്ലപ്പെരിയാർ അടക്കം നിരവധി അണക്കെട്ടുകൾ ഉള്ളതും ഭൌമശാസ്ത്രവകുപ്പിന്റെ വിദഗ്ദ്ധ പഠനപ്രകാരം കൂടുതൽ ദുരന്ത സാദ്ധ്യതാമേഖലകൾ ഉള്ളതുമായ ഇടുക്കിയിൽ ഡിസ്സാസ്റ്റർ മാനേജ്‌മെന്റ് വിംഗ് പ്രവർത്തിക്കുന്നില്ല.ദുരന്തനിവാരണത്തിന് ശാസ്ത്രീയവും വ്യക്തവുമായ രൂപരേഖ തയ്യാറാക്കപ്പെട്ടിട്ടില്ല. 2018 ലെ പ്രളയദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഇനിയും പൂർത്തികരിക്കപ്പെട്ടിട്ടില്ല.ജില്ലയിലെ ജനങ്ങൾ ഓരോ മഴക്കാലവും ഭയവിഹ്വലരായി കഴിയേണ്ട സ്ഥിതിയാണ്.ജനങ്ങൾക്ക് ആശ്വാസവും കരുത്തും പകരേണ്ട സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കാത്തത് ഖേദകരമാണെന്നും എം.പി പറഞ്ഞു.