തൊടുപുഴ: മുസ്ലിം ലീഗ് പിന്തുണയോടെ എൽ.ഡി.എഫിനു തൊടുപുഴ നഗരസഭയിൽ അട്ടിമറി ജയം. യു.ഡി.എഫിൽ ചെയർമാൻ പദവിയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഘടകകക്ഷികളായ കോൺഗ്രസും മുസ്ലിം ലീഗും വെവേറെ സ്ഥാനാർത്ഥികളെ നിറുത്തിയതോടെയാണ് കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും അധികാരം എൽ.ഡി.എഫിന് ലഭിച്ചത്. ചെയർപേഴ്സണായി സി.പി.എം സ്വതന്ത്ര സബീന ബിഞ്ചു തിരഞ്ഞെടുക്കപ്പെട്ടു.
വോട്ടെടുപ്പിൽ ഹാജരായ 32 കൗൺസിലർമാരിൽ ലീഗിന്റെ അഞ്ച് പേരുടെയടക്കം 14 വോട്ട് സബീനയ്ക്ക് ലഭിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസിലെ കെ. ദീപക്കിന് 10 വോട്ടാണ് ലഭിച്ചത്. എട്ട് അംഗങ്ങളുള്ള ബി.ജെ.പി അവസാനവട്ട വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ലീഗ് സ്വതന്ത്രൻ ജോർജ് ജോൺ, മുൻ ചെയർമാൻ സനീഷ് ജോർജ് എന്നിവരുടെ വോട്ട് ദീപക്കിന് ലഭിച്ചു. സി.പി.എം സ്വതന്ത്ര മെർലി രാജുവിന്റെ വോട്ടും യു.ഡി.എഫിന് ലഭിച്ചു.
35 അംഗ കൗൺസിലിൽ മാത്യു ജോസഫ് കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനായതോടെ 34 അംഗങ്ങളാണുള്ളത്. ഇതിൽ
സി.പി.എം അംഗം ആർ. ഹരി, സി.പി.ഐ അംഗം ജോസ് മഠത്തിൽ എന്നിവർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. രോഗ ബാധിതനായതിനാലാണ് ഹരി പങ്കെടുക്കാതിരുന്നതെന്ന് സി.പി.എം നേതൃത്വം അറിയിച്ചു.
യു.ഡി.എഫ് സഹകരണം അവസാനിപ്പിച്ചെന്ന് ലീഗ്
കോൺഗ്രസിന്റെ മുന്നണി മര്യാദ ലംഘനത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ യു.ഡി.എഫുമായുള്ള സഹകരണം തത്കാലം അവസാനിപ്പിച്ചെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അറിയിച്ചു. ലീഗില്ലെങ്കിലും വിജയിക്കുമെന്ന ധാർഷ്ട്യമാണ് കോൺഗ്രസ് പ്രകടിപ്പിച്ചത്. ഇടതുമുന്നണിയിലെ ഒരാളുടെ വോട്ട് വാങ്ങിയും, രണ്ട് പേരെ മാറ്റി നിറുത്തിയും, ഒമ്പതാം വാർഡിലെ ലീഗ് കൗൺസിലറെ വരുതിയിലാക്കിയും ജയിക്കാൻ കോൺഗ്രസ് ശ്രമിച്ചതിനാലാണ് ലീഗ് എൽ.ഡി.എഫിന് വോട്ടിട്ടതെന്നും നേതാക്കൾ പറഞ്ഞു.