എൽ.ഡി.എഫിലെ സബീന ബിഞ്ചു ചെയർപേഴ്സൺ
തൊടുപുഴ: ദിവസങ്ങളോളം മാരത്തോൺ ചർച്ച നടത്തിയിട്ടും ചെയർമാൻ പദവിയിൽ ധാരണയിലെത്താനാകാതെ, കൈവെള്ളയിൽ കിട്ടിയ നഗരസഭാ ഭരണം ഒരിക്കൽകൂടി യു.ഡി.എഫ് തച്ചുടച്ചു. ഘടകകക്ഷികളായ കോൺഗ്രസും മുസ്ലീംലീഗും ഓരോ സ്ഥാനാർത്ഥികളെ വീതം നിറുത്തിയതോടെയാണ് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും യു.ഡി.എഫിന് ഭരണം കൈവിട്ടുപോയത്. മൂന്ന് ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിൽ എല്ലാവരെയും ഞെട്ടിച്ച് മുസ്ലീംലീഗ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതോടെയാണ് ഇടതുപക്ഷത്തിന് ഭരണം കിട്ടിയത്. ഇതോടെ സി. പി. എം സ്വതന്ത്ര സബീന ബിഞ്ചു ചെയർപേഴ്സണായി. വോട്ടെടുപ്പിൽ ഹാജരായ 32 കൗൺസിലർമാരിൽ ലീഗിന്റെ അഞ്ച് പേരുടെയടക്കം 14 വോട്ടുകൾ സബീനയ്ക്ക് ലഭിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കോൺഗ്രസിലെ കെ. ദീപക്കിന് 10 വോട്ടുകളാണ് ലഭിച്ചത്. എട്ട് അംഗങ്ങളുള്ള ബി.ജെ.പി അവസാനവട്ട വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
35 അംഗ കൗൺസിലിൽ 11-ാം വാർഡ് അംഗമായിരുന്ന മാത്യു ജോസഫ് കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനായതോടെ 34 അംഗങ്ങളാണ് ഭരണസമിതിയിലുള്ളത്. ഇതിൽ എൽ.ഡി.എഫിലെ രണ്ടംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. സി.പി.എം അംഗമായ ആർ. ഹരി, സി.പി.ഐ അംഗം ജോസ് മഠത്തിൽ എന്നിവരാണ് വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നത്. രോഗ ബാധിതനായതിനാലാണ് ആർ. ഹരി പങ്കെടുക്കാതിരുന്നതെന്ന് സി.പി.എം നേതൃത്വം പറഞ്ഞു. ജോസ് മഠത്തിലിന്റെ ഫോൺ രാവിലെ മുതൽ സ്വിച്ച് ഓഫാണെന്നും വിട്ടുനിന്നതിന്റെ കാരണം അറിയില്ലെന്നുമാണ് സി.പി.ഐ നേതാക്കൾ പറയുന്നത്. ഇതിനിടെ അബദ്ധം പറ്റിയതാണെന്ന് പറയുന്നുണ്ടെങ്കിലും സി.പി.എം സ്വതന്ത്രയായ മെർളി രാജുവിന്റെ വോട്ട് യു.ഡി.എഫിന് ലഭിച്ചതും ചർച്ചയായി.
=22ന് നടക്കുന്ന വൈസ് ചെയർപേഴ്സനെതിരായ അവിശ്വാസ പ്രമേയം എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
വോട്ടെടുപ്പ് മൂന്ന് ഘട്ടമായി
മൂന്നു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തിൽ കോൺഗ്രസിലെ ദീപക്കിന് ഏഴും ലീഗിലെ എം.എ. കരീമിന് ആറും ബി.ജെ.പിയിലെ സി. ജിതേഷിന് എട്ടും എൽ.ഡി.എഫിലെ സബീന ബിഞ്ചുവിന് പത്തും വോട്ടുകൾ ലഭിച്ചു. കേരള കോൺഗ്രസ് പ്രതിനിധി ജോസഫ് ജോൺ ആർക്കും വോട്ട് ചെയ്തില്ല. രണ്ടാം ഘട്ടത്തിൽ കുറഞ്ഞ വോട്ട് നേടിയ എം.എ. കരീമിനെ മാറ്റി നിറുത്തി നടത്തിയ വോട്ടെടുപ്പിൽ സബീന ബിഞ്ചു -10, കെ. ദീപക്- ഒമ്പത്, സി. ജിതേഷ്- എട്ട് എന്ന നിലയിൽ വോട്ടു ലഭിച്ചു. ലീഗ് കൗൺസിലർമാരുടെ അഞ്ച് വോട്ടുകൾ അസാധുവായി. ലീഗ് സ്വതന്ത്രനായി വിജയിച്ച ജോർജ് ജോൺ, മുൻ ചെയർമാൻ സനീഷ് ജോർജ് എന്നിവരുടെ വോട്ടുകൾ ദീപക്കിന് ലഭിച്ചു. ബി.ജെ.പി സ്ഥാനാർത്ഥിയെ മാറ്റി നിറുത്തി നടത്തിയ അവസാന റൗണ്ട് വോട്ടെടുപ്പിൽ സബീന ബിഞ്ചുവിന് 14 വോട്ട് ലഭിച്ചപ്പോൾ കെ. ദീപക്കിന് പത്തു വോട്ടുകളാണ് ലഭിച്ചത്. പിന്നീട് വരണാധികാരിയായ ഇടുക്കി സബ് കളക്ടർ അരുൺ എസ്. നായർ മുമ്പാകെ സബീന ബിഞ്ചു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കേവല ഭൂരിപക്ഷം പാഴായി
നഗരസഭാ ഒമ്പതാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് 35 അംഗ കൗൺസിലിൽ യു.ഡി.എഫിന്റെ അംഗബലം 13 ആയി ഉയർന്നത്. ഇതിൽ കോൺഗ്രസിനും മുസ്ലീം ലീഗിനും ആറ് അംഗങ്ങൾ വീതവും കേരളകോൺഗ്രസിന് ഒരു അംഗവുമാണുള്ളത്. നേരത്തെ എൽ.ഡി.എഫ്- 15, യു.ഡി.എഫ്- 12, ബി.ജെ.പി- എട്ട് എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷിനില. എന്നാൽ എൽ.ഡി.എഫിനെ പിന്തുണച്ചിരുന്ന 11-ാം വാർഡ് കൗൺസിൽ മാത്യു ജോസഫിനെയും ഒമ്പതാം വാർഡ് കൗൺസിലറായിരുന്ന ജെസി ജോണിയെയും ഹൈക്കോടതി അയോഗ്യയാക്കിയിരുന്നു. ഇതോടെ രണ്ടു സീറ്റുകൾ കുറഞ്ഞ് എൽ.ഡി.എഫും 13 എന്ന നിലയിലെത്തി. എൽ.ഡി.എഫ് പിന്തുണയോടെ ചെയർമാനായ സനീഷ് ജോർജ് കൈക്കൂലിക്കേസിൽ അകപ്പെട്ട് കഴിഞ്ഞ ദിവസം രാജിവയ്ക്കുകയും സ്വതന്ത്രനായെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ എൽ.ഡി.എഫ് അംഗങ്ങൾ 12 ആയി. സനീഷും മറ്റൊരു സി.പി.എം സ്വതന്ത്രയും പിന്തുണച്ചിട്ടും യു.ഡി.എഫിന് മൂന്നര വർഷത്തിന് ശേഷം ഭരണം തിരിച്ചുപിടിക്കാനുള്ള അവസരമാണ് മുന്നണിയിലെ കെട്ടുറപ്പില്ലായ്മ കാരണം നഷ്ടമായത്.
സ്ഥാനാർത്ഥികളായവർ ഇവർ
എൽ.ഡി.എഫ്- സബീന ബിഞ്ചു
കോൺഗ്രസ്- കെ. ദീപക്
ബി.ജെ.പി- സി. ജിതേഷ്
മുസ്ലീംലീഗ്- എം.എ. കരീം
നിലവിലെ കക്ഷിനില
എൽ.ഡി.എഫ്- 12
യു.ഡി.എഫ്- 13
ബി.ജെ.പി- 8