തൊടുപുഴ: അത്യന്തം നാടകീയവും സംഘർഷഭരിതവുമായ അന്തരീക്ഷത്തിലാണ് ഇന്നലെ തൊടുപുഴ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ പത്ത് മണിയോടെ വരണാധികാരിയായ ഇടുക്കി സബ് കളക്ടർ അരുൺ. എസ് നായർ തൊടുപുഴയിലെത്തി. പത്തരയോടെ നഗരസഭാ ഓഫീസിന് മുന്നിൽ കോൺഗ്രസിന്റെയും മുസ്ലീംലീഗിന്റെയും പ്രവർത്തകർ സംഘടിക്കാൻ തുടങ്ങിയിരുന്നു. ഇരുകൂട്ടരും രണ്ട് ഭാഗങ്ങളിലായി നിലയുറപ്പിച്ചപ്പോഴേ യു.ഡി.എഫിനുള്ളിലെ അനൈക്യം വ്യക്തമായിരുന്നു. എങ്കിലും ആരൊക്കെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും എന്നതിൽ വലിയ വ്യക്തത ഇല്ലായിരുന്നു. 11 മണിയോടെ കൗൺസിൽ ഹാളിലേക്ക് അംഗങ്ങൾ പ്രവേശിച്ചപ്പോഴാണ് കോൺഗ്രസും മുസ്ലീം ലീഗും വെവ്വേറെ മത്സരിക്കുമെന്നുറപ്പായത്. എന്നാൽ എൽ.ഡി.എഫിലെ സി.പി.എം അംഗമായ ആർ. ഹരിയും സി.പി.ഐ അംഗം ജോസ് മഠത്തിലും എത്താതിരുന്നതിനാൽ വീണ്ടും ആകാംക്ഷയേറി.
പുറത്ത്
പോർവിളി
ഒടുവിൽ ആദ്യ റൗണ്ട് വോട്ടെടുപ്പ് നടന്നു. ആദ്യ റൗണ്ടിൽ ദീപക്കിന് ഏഴും കരീമിന് ആറും ജിതേഷിന് എട്ടും സബീന ബിഞ്ചുവിന് പത്തും വോട്ടുകൾ ലഭിച്ചു. ഏറ്റവും കുറവ് വോട്ട് ലഭിച്ച കരീമിന് അടുത്ത റൗണ്ടിൽ മത്സരിക്കാനാവില്ലെന്ന സ്ഥിതിയായി. ഈ വിവരം പുറത്തറിഞ്ഞതോടെ ഓഫീസിന് മുന്നിൽ തമ്പടിച്ചിരുന്ന ലീഗ് പ്രവർത്തകർ കോൺഗ്രസിനെതിരെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. കോൺഗ്രസ് ഇത് ചോദ്യം ചെയ്തത് പരസ്പരമുള്ള അസഭ്യം വിളിയിലും ഏറ്റമുട്ടലിലുമെത്തി. ഉന്തും തള്ളും ശക്തമായതോടെ കൂടുതൽ പൊലീസെത്തി ഇരു കൂട്ടരെയും പിന്തിരിപ്പിച്ചു. എന്നാൽ പൊലീസിന്റെ സാന്നിദ്ധ്യത്തിലും പോർവിളി തുടർന്നു.
ലീഗ് സ്ഥാനാർത്ഥി പുറത്തായതോടെ ഏത് വിധേനയും കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുമെന്ന് ലീഗ് പ്രവർത്തകർ വെല്ലുവിളിച്ചു. എൽ.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ലീഗ് ഭാരവാഹികൾ ഇക്കാര്യം ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടു. അവസാന രൗണ്ടിന് മുമ്പായി മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.എസ് സിയാദ് സ്ഥലത്തെത്തി. കൗൺസിൽ ഹാളിലുണ്ടായിരുന്ന ലീഗ് അംഗങ്ങളോട് എൽ.ഡി.എഫിന് വോട്ട് ചെയ്യാനുള്ള നിർദ്ദേശം നൽകി. ലീഗിന്റെ ആറ് അംഗങ്ങളുള്ളതിൽ അഞ്ച് പേർ നിർദ്ദേശം അനുസരിച്ചു. എന്നാൽ അടുത്തിടെ ലീഗ് സ്വതന്ത്രനായി വിജയിച്ച ജോർജ് ജോൺ കോൺഗ്രസ് സ്ഥാർത്ഥിക്ക് വോട്ട് ചെയ്തു. ജയിക്കാൻ സാദ്ധ്യതയുണ്ടെന്ന ഘട്ടമെത്തിയതോടെ പുറത്ത് സി.പി.എം പ്രവർത്തകരും സംഘടിച്ചെത്തിയരുന്നു. അവസാന ഫലം വന്നതോടെ ആഹ്ലാദ മുദ്രാവാക്യം വിളികളുമായി സി.പി.എം- ലീഗ് അംഗങ്ങൾ ഹാളിലേക്ക് ഇരച്ച് കയറി. തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങുകളും പൂർത്തിയാക്കി.
നഗരസഭ കാര്യാലയം
പൊലീസ് വലയത്തിൽ
മുൻ ചെയർമാൻ സനീഷ് ജോർജ്ജിനും മുന്നണി മാറി വോട്ട് ചെയ്ത മെർളി രാജുവിനുമെതിരെ സി.പി.എം പ്രവർത്തകർ തിരിഞ്ഞു. മറ്റ് കൗൺസിലർമാരും നേതാക്കളും ഇടപെട്ട് സംഘർഷാവസ്ഥയിലേക്കെത്താതെ തടഞ്ഞു. എന്നാൽ ഇരുവരെയും പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സി.പി.എം അംഗങ്ങൾ നിലയുറപ്പിച്ചതോടെ വീണ്ടും സംഘർഷാവസ്ഥ സംജാതമായി. ഇതോടെ മുട്ടം, കരിങ്കുന്നം ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസിനെ വരുത്തി. പുതിയ ചെർപേഴ്സനെയും കൊണ്ട് നഗരത്തിൽ ആഹ്ളാദ പ്രകടനം നടത്തിയപ്പോൾ സനീഷ് ജോർജ്ജിനെയും മെർളി രാജുവിനെയും പുറത്തിറക്കാൻ പൊലീസ് ശ്രമം നടത്തി. എന്നാൽ സ്ഥലത്തുണ്ടായിരുന്ന പ്രവർത്തകർ ഈ നീക്കം തടഞ്ഞു. ഇരുവർക്കും കാവലായി ഏതാനും യു.ഡി.എഫ് കൗൺസിലർമാരും ഹാളിൽ നിലയുറപ്പിച്ചു. ഇതിനിടെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇരുവരും കത്ത് നൽകി. തുടർന്ന് മൂന്ന് മണിയോടെ ചെയർമാൻ ക്യാബിനിൽ നിന്ന് സി.പി.എം നേതാക്കളും പ്രവർത്തകരും പുറത്തിറങ്ങി. ഇതിന് ശേഷം പൊലീസ് സംരക്ഷണയോടെയാണ് ഇരുവരെയും വീടുകളിലെത്തിച്ചത്.