തൊടുപുഴ: യു.ഡി.എഫിലെ അനൈക്യവും പിടിവാശിയുമാണ് കൗൺസിലിൽ ഭൂരിപക്ഷം ഉണ്ടായിട്ടും തൊടുപുഴ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയത്തിന് കാരണമായതെന്ന് കേരള കോൺഗ്രസ് കൗൺസിലറുമായ അഡ്വ. ജോസഫ് ജോൺ പറഞ്ഞു. 2020ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കൈവിട്ടുപോയ ചെയർമാൻ സ്ഥാനം തിരികെ പിടിക്കാനുള്ള സുവർണ്ണാവസരമാണ് യു.ഡി.എഫ് നഷ്ടപ്പെടുത്തിയത്. ഒമ്പതാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ ജനങ്ങൾ യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചത് നഗരസഭയിൽ ഭരണമാറ്റം ഉറപ്പാക്കുന്നതിന് വേണ്ടിയാണ്. ഘടകകക്ഷികളെ വിശ്വാസത്തിൽ എടുത്ത് ഐക്യത്തോടെ പ്രവർത്തിക്കാൻ കഴിയാത്തതാണ് യു.ഡി.എഫ് പരാജയത്തിന്റെ അടിസ്ഥാനം. ഇത് ജനങ്ങൾ പൊറുക്കില്ല. ചെയർമാൻ തിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടിൽ യു.ഡി.എഫ് ഘടകകക്ഷികളായ കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും സ്ഥാനാർത്ഥികൾ പരസ്പരം മത്സരിച്ചപ്പോൾ യു.ഡി.എഫിന് ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലാതിരുന്നതിനാൽ താൻ നിഷ്പക്ഷ നിലപാട് സ്വീകരിച്ച് ഇരുകക്ഷികൾക്കും വോട്ട് ചെയ്യാതെ വോട്ടിംഗിൽ നിന്ന് വിട്ടു നിന്നു. ഇത് തന്റെ ധാർമികമായ ഉത്തരവാദിത്തമാണ്. ഇനിയെങ്കിലും ജനവികാരം മാനിച്ച് യോജിച്ചു പോകാൻ ഘടകക്ഷികൾ തയ്യാറാകണമെന്നും അല്ലെങ്കിൽ യു.ഡി.എഫിനെ ജനങ്ങൾ ചെവിയ്ക്ക് പിടിച്ച് പുറത്താക്കുന്ന അവസ്ഥ വരുമെന്നും അദ്ദേഹം പറഞ്ഞു.