തൊടുപുഴ: മുസ്ലീംലീഗിനെ ലെ വിശ്വസ്തതയുള്ള രാഷ്ട്രീയ പങ്കാളിയെ വഞ്ചിച്ചും ഒഴിവാക്കിയും അവിഹിത ബാന്ധവത്തിലൂടെ ചെയർമാൻ സ്ഥാനം സ്വന്തമാക്കാൻ കോൺഗ്രസ് നടത്തിയ നീക്കത്തിന്റെ സ്വാഭാവികമായ തിരിച്ചടിയാണ് തൊടുപുഴ നഗരസഭയിലുണ്ടായതെന്ന് മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിന്റെ മുന്നണി മര്യാദ ലംഘനത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ യു.ഡി.എഫുമായുള്ള സഹകരണം തത്കാലം അവസാനിപ്പിക്കുകയാണ്. ചെയർമാൻ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് വരെയും ധാരണ നിലനിറുത്താൻ ലീഗ് ശ്രമിച്ചതാണ്. പക്ഷേ, ലീഗില്ലെങ്കിലും വിജയിക്കും എന്ന ധാർഷ്ഠ്യമാണ് കോൺഗ്രസ് നേതൃത്വം പ്രകടിപ്പിച്ചത്. സൗഹാർദ്ദ മൽസരം നടത്തി അവസാനിപ്പിക്കാമെന്ന് കരുതിയ ലീഗിന്റെ നിലപാട് അവസാന റൗണ്ടിൽ മാറ്റേണ്ടി വന്നത് കോൺഗ്രസിന്റെയും ജോസഫ് ഗ്രൂപ്പ് കൗൺസിലറുടെയും കള്ളക്കളി ബോദ്ധ്യപ്പെട്ടതിനാലാണ്. ഇടതു മുന്നണിയിലെ ഒരാളുടെ വോട്ട് വാങ്ങിയും ഒമ്പതാം വാർഡിലെ ലീഗ് കൗൺസിലറെ വരുതിയിലാക്കിയും ഇടതുമുന്നണിയിലെ രണ്ട് പേരെ മാറ്റി നിറുത്തിയും ലീഗിനെ ഒഴിവാക്കി സാമർത്ഥ്യം കാണിച്ച് ജയിക്കാൻ കോൺഗ്രസ് ശ്രമിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലീഗ് എൽ.ഡി.എഫിന് വോട്ട് ചെയ്തത്. എക്കാലവും യു.ഡി.എഫിന് വേണ്ടി വിട്ടുവീഴ്ച ചെയ്തിട്ടുള്ള ലീഗിന് ഈ വഞ്ചന അംഗീകരിക്കാനാവില്ല. നഗരസഭയിലെ ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കളുടെ വില കുറഞ്ഞ ആരോപണത്തിന് മറുപടി പറയുന്നില്ല. ലീഗ് ആരുടെയും ചെലവിലല്ല കഴിയുന്നതെന്നും യു.ഡി.എഫ് വിജയങ്ങൾക്ക് പിന്നിൽ മുസ്ലീംലീഗിന്റെ ശക്തമായ പ്രവർത്തനമുണ്ടന്നും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂർ, ജനറൽ സെക്രട്ടറി കെ.എസ്. സിയാദ്, ട്രഷറർ ടി.കെ. നവാസ്, സെക്രട്ടറിമാരായ പി.എൻ. സീതി, കെ.എം. സലിം, മുസ്ലിം ലീഗ് മുനിസിപ്പൽ പാർലമെന്ററി പാർട്ടി ലീഡർ എം.എ. കരിം എന്നിവർ പങ്കെടുത്തു.