തൊടുപുഴ: 1967ലെ ലീഗ്, സി.പി.എം, സി.പി.ഐ ഉൾപ്പെട്ട സപ്തകക്ഷി മുന്നണി രൂപീകരണത്തിന്റെ മറ്റൊരു പതിപ്പാണ് ചെയർമാൻ തിരഞ്ഞെടുപ്പിൽ ദൃശ്യമായതെന്ന്
ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി പറഞ്ഞു. ഇ.എം.എസ് മന്ത്രിസഭയിൽ ആദ്യമായി മുസ്ലിം ലീഗിന് മന്ത്രിസ്ഥാനം കൊടുത്തുകൊണ്ട് ലീഗിന്റെ വളർച്ചയെ എന്നും സഹായിച്ചത് സി.പി.എമായിരുന്നു. ഒരേ സമയം ലീഗ് വർഗ്ഗീയമാണെന് പറയുകയും അതോടൊപ്പം ഭരണത്തിൽ ഘടകകക്ഷിയാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സി.പി.എം എല്ലാ കാലത്തും അനുവർത്തിച്ചു പോരുന്നത്. അധികാരമില്ലാത്തത് ചിന്തിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ സി പി എം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി. എൽ.ഡി.എഫിന്റെ അഴിമതി ഭരണം അവസാനിപ്പിക്കാൻ ലീഗ് നടത്തിയ സമരങ്ങൾ എല്ലാം പൊറാട്ട്നാടകം മാത്രമായിരുന്നു. മുമ്പ് ലീഗിലെ ഒരു കൗൺസിലറെ വിലയ്ക്കെടുത്ത സി.പി.എം ഇന്ന് ആ പാർട്ടിയെ മൊത്തമായി വിലയ്ക്ക് എടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.