കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ തമിഴ്നാട്ടിലെ സംയുക്ത കർഷക കൂട്ടായ്മയായ പെരിയാർ വൈഗൈ ഇറിഗേഷൻ ഫാർമേഴ്സ് അസോസിയേഷൻ പ്രവർത്തകർ മാർച്ചും റോഡ് ഉപരോധവും നടത്തി. ഇന്നലെ കേരളത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് തമിഴ്നാട്ടിലെ കുമളി ലോവർ ക്യാമ്പിൽ തമിഴ്നാട് പൊലീസ് തടഞ്ഞു. കേരളത്തിലെ ചില രാഷ്ട്രീ നേതാക്കളും സോഷ്യൽ മീഡിയയും മുല്ലപ്പെരിയാർ സംബന്ധമായി തമിഴ്നാടിനെതിരെ കുപ്രചരണങ്ങൾ നടത്തുന്നുവെന്നാരോപിച്ചാണ് കുമളിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ഇരുസംസ്ഥാനങ്ങളിലേയും ജനങ്ങളേ തമ്മിൽ അകറ്റുന്ന പ്രചരണങ്ങൾക്ക് തടയിടണമെന്നും ഉത്തരവാദികൾക്കെതിരെ കേസെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. അരമണിക്കൂറോളം റോഡ് ഉപരോധിച്ച സമരക്കാർ കേരളത്തിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു. പാളയം ഡിവൈ.എസ്.പി രെങ്കോട്ട വേലവന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണ് ലോവർ ക്യാമ്പിൽ പ്രതിഷേധക്കാരെ തടഞ്ഞത് .മുല്ലപ്പെരിയാർ അണക്കെട്ടിൽ തൊടാൻ ധൈര്യമുള്ള ആരെങ്കിലും കേരളത്തിൽ ഉണ്ടെങ്കിൽ മന്നോട്ടുവരാൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത അസോസിയേഷൻ പ്രസിഡന്റ് അൻവർ ബാലസിംങ്കം വെല്ലുവിളിച്ചു. നേതാക്കളായ കാച്ചിക്കണ്ണൻ, രാജീവ് എന്നിവർ മാർച്ചിൽ പ്രസംഗിച്ചു.