തൊടുപുഴ: മുൻസിപ്പൽ ചെയർമാൻ തിരഞ്ഞെടുപ്പിൽ താൻ വിപ്പ് ലംഘിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ഒമ്പതാം വാർഡ് കൗൺസിലർ ജോർജ് ജോൺ. മുസ്ലിംലീഗ് സീറ്റിൽ യു.ഡി.എഫ് സ്വതന്ത്രനായി വിജയിച്ച താൻ മുസ്ലിം ലീഗിന്റെ വിപ്പ് അനുസരിച്ചു ചെയർമാൻ തിരഞ്ഞെടുപ്പ് സമയത്തു ലീഗ് സ്ഥാനാർത്ഥി എം.എ കരിമിനാണ് വോട്ട് ചെയ്തതെന്ന് കൗൺസിലർ ജോർജ് ജോൺ വ്യക്തമാക്കി. നാല് സ്ഥാനാർഥികൾ മത്സരിച്ച ഒന്നാം ഘട്ട തിരഞ്ഞെടുപ്പിലാണ് മുസ്ലിം ലീഗിന്റെ എം.എ കരിം മത്സരിച്ചതും വിപ്പ് ഉണ്ടായിരുന്നതും.
ആദ്യ ഘട്ടത്തിൽ കുറവ് വോട്ടുകൾ ലഭിച്ച ലീഗിന്റെ സ്ഥാനാർത്ഥിയെ തുടർന്നുള്ള മത്സരത്തിൽ നിന്ന് വരണാധികാരി ഒഴിവാക്കുകയും രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പിൽ മുസ്ലിം ലീഗിന് സ്ഥാനാർഥിയോ വിപ്പോ ഉണ്ടായിരുന്നുമില്ല. യു.ഡി.എഫ് സ്ഥാനാർത്ഥി മത്സരിക്കുന്ന രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും സി.പി.എം സ്ഥാനാർത്ഥിക്ക് വോട്ട് നൽകണമെന്ന അഭിപ്രായം കേൾക്കേണ്ട ബാധ്യത തനിക്കില്ല. തുടർന്നാണ് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കൂടിയായ താൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ. ദീപക്കിന് വോട്ട് നൽകിയത്. മുൻസിപ്പൽ തിരഞ്ഞെടുപ്പു വേളയിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച താൻ ലീഗിന്റെ മെമ്പർഷിപ് എടുക്കാൻ തയ്യാറായിട്ടുമില്ല, എടുക്കാൻ ഉദ്ദേശിച്ചിട്ടുമില്ലെന്ന് അദ്ദേഹം പറഞ്ഞു.