ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീര് കണ്ടാൽ മതിയെന്ന പഴഞ്ചൊല്ല് പോലെയാണ് ഇടുക്കി ജില്ലയിലെ യു.ഡി.എഫിന്റെ കാര്യം. ദിവസങ്ങളോളം മാരത്തോൺ ചർച്ച നടത്തിയിട്ടും ചെയർമാൻ പദവിയിൽ ധാരണയിലെത്താനാകാതെ, കൈവെള്ളയിൽ കിട്ടിയ തൊടുപുഴ നഗരസഭാ ഭരണം ഒരിക്കൽകൂടി യു.ഡി.എഫ് തച്ചുടച്ചു. ഘടകകക്ഷികളായ കോൺഗ്രസും മുസ്ലീംലീഗും ഓരോ സ്ഥാനാർത്ഥികളെ വീതം നിറുത്തിയതോടെയാണ് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും യു.ഡി.എഫിന് ഭരണം നഷ്ടമായത്. മൂന്ന് ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിൽ അവസാനഘട്ടത്തിലാണ് ഏവരെയും ഞെട്ടിച്ച് മുസ്ലീംലീഗ് എൽ.ഡി.എഫിന് വോട്ട് ചെയ്‌തതോടെ ഇടതുപക്ഷത്തിന് ഭരണം കിട്ടിയത്. ഇതോടെ സി.പി.എം സ്വതന്ത്ര സബീന ബിഞ്ചു ചെയർപേഴ്സണായി. വോട്ടെടുപ്പിൽ ഹാജരായ 32 കൗൺസിലർമാരിൽ ലീഗിന്റെ അഞ്ച് പേരുടെയടക്കം 14 വോട്ടുകൾ സബീനയ്ക്ക് ലഭിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കോൺഗ്രസിലെ കെ. ദീപക്കിന് 10 വോട്ടുകളാണ് ലഭിച്ചത്. എട്ട് അംഗങ്ങളുള്ള ബി.ജെ.പി അവസാനവട്ട വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. 35 അംഗ കൗൺസിലിൽ 11-ാം വാർഡ് അംഗമായിരുന്ന മാത്യു ജോസഫ് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനായതോടെ 34 അംഗങ്ങളാണ് ഭരണസമിതിയിലുള്ളത്. ഇതിൽ സി.പി.എം അംഗമായ ആർ. ഹരി, സി.പി.ഐ അംഗം ജോസ് മഠത്തിൽ എന്നിവർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. രോഗ ബാധിതനായതിനാലാണ് ആർ. ഹരി പങ്കെടുക്കാതിരുന്നതെന്ന് സി.പി.എം നേതൃത്വം പറഞ്ഞു. ജോസ് മഠത്തിലിന്റെ ഫോൺ രാവിലെ മുതൽ സ്വിച്ച് ഓഫാണെന്നും വിട്ടുനിന്നതിന്റെ കാരണം അറിയില്ലെന്നുമാണ് നേതാക്കൾ പറയുന്നത്. ഇതിനിടെ അബദ്ധം പറ്റിയതാണെന്ന് പറയുന്നുണ്ടെങ്കിലും സി.പി.എം സ്വതന്ത്രയായ മെർളി രാജുവിന്റെ വോട്ട് യു.ഡി.എഫിന് ലഭിച്ചതും ചർച്ചയായി. കൈക്കൂലിക്കേസിൽ പ്രതിയായി മുൻ ചെയർമാൻ സനീഷ് ജോർജ്ജ് രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
അത്യന്തം നാടകീയം,
സംഘർഷഭരിതം
രാവിലെ പത്തരയോടെ നഗരസഭാ ഓഫീസിന് മുന്നിൽ കോൺഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും പ്രവർത്തകർ സംഘടിച്ചു തുടങ്ങിയിരുന്നു. ഇരുകൂട്ടരും രണ്ട് ഭാഗങ്ങളിലായി നിലയുറപ്പിച്ചപ്പോഴേ യു.ഡി.എഫിനുള്ളിലെ അനൈക്യം വ്യക്തമായിരുന്നു. എങ്കിലും ആരൊക്കെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും എന്നതിലും വലിയ വ്യക്തത ഇല്ലായിരുന്നു. 11 മണിയോടെ കൗൺസിൽ ഹാളിലേക്ക് അംഗങ്ങൾ പ്രവേശിച്ചപ്പോഴാണ് കോൺഗ്രസും മുസ്ലീം ലീഗും വെവ്വേറെ മത്സരിക്കുമെന്നുറപ്പായത്. എന്നാൽ എൽ.ഡി.എഫിലെ രണ്ട് അംഗങ്ങൾ എത്താതിരുന്നതിനാൽ ആകാംഷയേറി. ആദ്യ റൗണ്ടിൽ ദീപക്കിന് ഏഴും കരീമിന് ആറും ജിതേഷിന് എട്ടും സബീന ബിഞ്ചുവിന് പത്തും വോട്ടുകൾ ലഭിച്ചു. ഏറ്റവും കുറവ് വോട്ട് ലഭിച്ച കരീമിന് അടുത്ത റൗണ്ടിൽ മത്സരിക്കാനാവില്ലെന്ന സ്ഥിതിയായി. ഈ വിവരം പുറത്തറിഞ്ഞതോടെ ഓഫീസിന് മുന്നിൽ തമ്പടിച്ചിരുന്ന ലീഗ് പ്രവർത്തകർ കോൺഗ്രസിനെതിരെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഇതോടെ മറുപടിയുമായി കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യം വിളിയാരംഭിച്ചു. തുടർന്ന് വാക്കേറ്റവും ഏറ്റമുട്ടലുമായി. രണ്ടാം റൗണ്ടിൽ കുറഞ്ഞ വോട്ടു നേടിയ എം.എ. കരീമിനെ മാറ്റി നിറുത്തി നടത്തിയ വോട്ടെടുപ്പിൽ സബീന ബിഞ്ചു- 10, കെ. ദീപക്ക്- ഒമ്പത്, സി. ജിതേഷ്- എട്ട് എന്ന നിലയിൽ വോട്ടു ലഭിച്ചു. ലീഗ് കൗൺസിലർമാരുടെ അഞ്ച് വോട്ടുകൾ അസാധുവായി. ലീഗ് സ്വതന്ത്രനായി വിജയിച്ച ജോർജ് ജോൺ, മുൻ ചെയർമാൻ സനീഷ് ജോർജ് എന്നിവരുടെ വോട്ടുകൾ ദീപക്കിന് ലഭിച്ചു. മത്സരം അവസാന റൗണ്ടിലേക്കെത്തി. അപ്പോഴേക്കും ലീഗും കോൺഗ്രസും തമ്മിലുള്ള വാക്കേറ്റം കടുത്തു. ഏത് വിധേനയും കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുമെന്ന് ലീഗ് പ്രവർത്തകർ വെല്ലുവിളി തുടർന്നു. എൽ.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ലീഗ് ഭാരവാഹികൾ ഇക്കാര്യം ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടു. അവസാന റൗണ്ടിന് മുമ്പായി മുസ്ലീംലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. സിയാദ് സ്ഥലത്തെത്തി. കൗൺസിൽ ഹാളിലുണ്ടായിരുന്ന ലീഗ് അംഗങ്ങളോട് എൽ.ഡി.എഫിന് വോട്ട് ചെയ്യാനുള്ള നിർദ്ദേശം നൽകി. ലീഗിന്റെ ആറ് അംഗങ്ങളുള്ളതിൽ അഞ്ച് പേർ നിർദ്ദേശം അനുസരിച്ചു. എന്നാൽ അടുത്തിടെ ലീഗ് സ്വതന്ത്രനായി വിജയിച്ച ജോർജ് ജോൺ കോൺഗ്രസ് സ്ഥാർത്ഥിക്ക് വോട്ട് ചെയ്തു. എൽ.ഡി.എഫിൽ നിന്ന് ഒരു വോട്ട് ചോർന്നെങ്കിലും ഒടുവിൽ ഫലം വന്നപ്പോൾ 14 വോട്ടുകളോടെ സബീന ബിഞ്ചു തിരഞ്ഞെടുക്കപ്പെട്ടു. അവസാന ഫലം വന്നതോടെ ആഹ്ലാദ മുദ്രാവാക്യം വിളികളുമായി സി.പി.എം- ലീഗ് അംഗങ്ങൾ ഹാളിലേക്ക് ഇരച്ച് കയറി. ഇതിനിടെ മുൻ ചെയർമാൻ സനീഷ് ജോർജ്ജിനും മുന്നണി മാറി വോട്ട് ചെയ്ത മെർളി രാജുവിനുമെതിരെ സി.പി.എം പ്രവർത്തകർ തിരിഞ്ഞു. മറ്റ് കൗൺസിലർമാരും നേതാക്കളും ഇടപെട്ട് സംഘർഷാവസ്ഥയിലേക്കെത്താതെ തടഞ്ഞു. എന്നാൽ ഇരുവരെയും പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സി.പി.എം അംഗങ്ങൾ നിലയുറപ്പിച്ചതോടെ വീണ്ടും സംഘർഷാവസ്ഥ സംജാതമായി. തുടർന്ന് മൂന്ന് മണിയോടെ ചെയർമാൻ ക്യാബിനിൽ നിന്ന് സി.പി.എം നേതാക്കളും പ്രവർത്തകരും പുറത്തിറങ്ങി. ഇതിന് ശേഷം പൊലീസ് സംരക്ഷണയോടെയാണ് ഇരുവരെയും വീടുകളിലെത്തിച്ചത്.
ഇടത് അട്ടിമറി രണ്ടാംവട്ടം
മൂന്നര വർഷം മുമ്പും ഇതുപോലൊരു അട്ടിമറിയിലൂടെയായിരുന്നു തൊടുപുഴയിൽ നഗരസഭാ ഭരണം ഇടതുപക്ഷം പിടിച്ചെടുത്തത്. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 35 അംഗ നഗരസഭയിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ലായിരുന്നു. യു.ഡി.എഫ്- 13, എൽ.ഡി.എഫ്- 12, ബി.ജെ.പി- 8, കോൺഗ്രസ് വിമതർ- 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതിൽ രണ്ട് കോൺഗ്രസ് വിമതരുടെ പിന്തുണയോടെ ഭരണം പിടിക്കാമെന്നായിരുന്നു എൽ.ഡി.എഫ് കണക്കുക്കൂട്ടൽ. എന്നാൽ കോൺഗ്രസ് വിമതൻ സനീഷ് ജോർജിന് ചെയർമാൻ സ്ഥാനവും യു.ഡി.എഫ് വിട്ടുവന്ന ലീഗ് സ്വതന്ത്ര ജെസി ജോണിയ്ക്ക് വൈസ് ചെയർപേഴ്സൺ സ്ഥാനവും എൽ.ഡി.എഫ് നൽകി. ഒരു വർഷം തികയും മുമ്പേ യു.ഡി.എഫിന് വീണ്ടും തിരിച്ചടി നൽകികൊണ്ട് മറ്റൊരു യു.ഡി.എഫ് കൗൺസിലർ കൂടി എൽ.ഡി.എഫിനൊപ്പം ചേർന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവുമായ മാത്യു ജോസഫാണ് അപ്രതീക്ഷിതമായി സി.പി.എമ്മിലെത്തിയത്. തദ്ദേശതിരഞ്ഞെടുപ്പിൽ ചെണ്ട ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ജോസഫ് ഗ്രൂപ്പിൽ രണ്ട് അംഗങ്ങളിൽ ഒരാളായിരുന്നു. ഇതോടെ തൊടുപുഴ നഗരസഭയിൽ എൽ.ഡി.എഫ് ഭരണസമിതി കൂടുതൽ ശക്തമായി. 35 അംഗ നഗരസഭാ കൗൺസിലിൽ യു.ഡി.എഫ് 12, എൽ.ഡി.എഫ് 15, എൻ.ഡി.എ എട്ട് എന്നിങ്ങനെയായി കക്ഷിനില. മൂന്ന് വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ആദ്യം ജെസി ജോണിയെയും പിന്നീട് മാത്യു ജോസഫിനെയും കൂറുമാറ്റ നിരോധന നിയമപ്രകാരം ഹൈക്കോടതി അയോഗ്യരാക്കി. ജെസി ജോണിയെ അയോഗ്യയാക്കിയ ഒമ്പതാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ 35 അംഗ കൗൺസിലിൽ യു.ഡി.എഫിന്റെ അംഗബലം വീണ്ടും 13 ആയി ഉയർന്നു. ഇതിൽ കോൺഗ്രസിനും മുസ്ലീം ലീഗിനും ആറ് അംഗങ്ങൾ വീതവും കേരളകോൺഗ്രസിന് ഒരു അംഗവുമാണുള്ളത്. ഇതിനൊപ്പം എൽ.ഡി.എഫ് പിന്തുണയോടെ ചെയർമാനായ സനീഷ് ജോർജ് കൈക്കൂലിക്കേസിൽ അകപ്പെട്ട് രാജിവയ്ക്കുകയും സ്വതന്ത്രനായെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തോടെ എൽ.ഡി.എഫ് അംഗങ്ങൾ 12 ആയി കുറഞ്ഞു. എന്നാൽ സനീഷും മറ്റൊരു സി.പി.എം സ്വതന്ത്രയും പിന്തുണച്ചിട്ടും യു.ഡി.എഫിന് മൂന്നര വർഷത്തിന് ശേഷം ഭരണം തിരിച്ചുപിടിക്കാനുള്ള അവസരമാണ് മുന്നണിയിലെ കെട്ടുറപ്പില്ലായ്മ കാരണം നഷ്ടമായത്.