തൊടുപുഴ: കുമാരമംഗലം എം.കെ.എൻ.എം സ്കൂളിൽ ഈ അദ്ധ്യയന വർഷം മുതൽ കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിനായി വ്യത്യസ്തവും പുതുമയാർന്നതുമായ വിവിധ പദ്ധതികൾ നടപ്പിലാക്കുകയാണെന്ന് സ്കൂൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രധാനമായും യു.പി വിഭാഗം കുട്ടികൾക്കായാണ് ഈ പദ്ധതികൾ വഴി പരിശീലനം നൽകുന്നത്. എല്ലാ ക്ലാസുകളും പൂർണമായും സൗജന്യമാണ്.
ഗണിത ശാസ്ത്ര പഠനം എളുപ്പവും രസകരവുമാക്കുന്ന സൗജന്യ അബാക്കസ് പരിശീലനം പദ്ധതികളിൽ പ്രധാനപ്പെട്ടതാണ്. സ്‌കൂൾ മാനേജ്‌മെന്റ്, ഒരു കുട്ടിക്ക് 2050 രൂപ വീതം വിനിയോഗിച്ച് യു.പി വിഭാഗത്തിലെ മുന്നൂറോളം കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിന് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും കുട്ടികൾക്കായി നൽകും. ഇംഗ്ലീഷ്, സംശയമോ മടിയോ കൂടാതെ എഴുതാനും വായിക്കാനും സംസാരിക്കാനും പ്രാപ്തമാക്കും വിധമാണ് ക്ലാസുകൾ വിഭാവനം ചെയ്തിരിക്കുന്നത്. മറ്റൊരു പ്രധാന പദ്ധതി കുട്ടികൾക്കായുള്ള കൗൺസലിംഗാണ്. ഇതിലൂടെ പൗരബോധത്തോടെ അന്യരോട് മാന്യമായി ഇടപെടുന്നതിനുള്ള പരിശീലനം നൽകും. അത്യാവശ്യമുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ അനുവാദത്തോടെ വ്യക്തിഗത കൗൺസലിംഗ് നടത്തും. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെ 8.15 മുതൽ പ്രത്യേക പരിശീലനം നൽകും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക് എന്നീ വിഷയങ്ങളിലാണ് അദ്ധ്യാപകർ ക്ലാസുകളെടുക്കുന്നത്. വീടുകളിൽ നിന്ന് വളരെ നേരത്തെ പോരുന്ന ഈ കുട്ടികൾക്ക് സ്‌കൂളിൽ നിന്ന് പ്രഭാത ഭക്ഷണവും നൽകും. പഠന യാത്രകൾ, ദിനാചരണങ്ങളുടെ ആഘോഷം മുതലായവ കുട്ടികളുടെ ഓർമ്മയിൽ തങ്ങി നിൽക്കും വിധം വ്യത്യസ്തമാക്കാനും സ്‌കൂൾ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ പദ്ധതികളെക്കുറിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദിന്റെ സാന്നിധ്യത്തിൽ രക്ഷിതാക്കളോട് വിശദീകരിച്ചതായും സ്കൂൾ അധികൃതർ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ എസ്. സാവിൻ, പി.ടി.എ പ്രസിഡന്റ് പി.ജി. ജയകൃഷ്ണൻ, അദ്ധ്യാപകൻ എസ്. സുഭാഷ് എന്നിവർ പങ്കെടുത്തു.