തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിന്റെ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ മർച്ചന്റസ് അസോസിയേഷന്റെയും മർച്ചന്റ്സ് യൂത്ത് വിംഗിന്റെയും നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ഉപവാസം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊടുപുഴ സിവിൽ സ്റ്റേഷന് സമീപത്തായി പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഏകദിന ഉപവാസം നടത്തുന്നത്. രാവിലെ 9.30ന് ആരംഭിക്കുന്ന ഉപവാസ സമരം വൈകിട്ട് അഞ്ചിന് സമാപിക്കും. അഡ്വ. റസൽ ജോയ്, സിനിമാതാരം അശോകൻ, അഡ്വ. സി. കെ. വിദ്യാസാഗർ,​ ബെന്നി ജോസഫ്,​ സന്തോഷ് വർഗീസ്,​ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് തോമസുകുട്ടി,​ ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ്,​ ജില്ലാ ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ,​ പി.എം. ബേബി,​ ഏകോപനസമിതി എറണാകുളം ജില്ലാ ട്രഷറർ അജ്മൽ തൊടുപുഴ,​ ഇമാം കൗൺസിൽ ചെയർമാൻ നൗഫൽ കൗസരി,​ മുതലക്കോടം പള്ളി വികാരി ഫാ. ജോർജ്ജ് താനത്ത്‌പറമ്പിൽ,​ സ്വാമി അയ്യപ്പദാസ്,​ എം.എൻ. ജയചന്ദ്രൻ,​ നിയുക്ത പ്രസ്ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി,​ ട്രാക്ക് പ്രസിഡന്റ് ടി.എം. ശശി തുടങ്ങിയവർ പങ്കെടുക്കും. 50 വർഷത്തെ കാലാവധിയാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച് എൻജിനീയർ പറഞ്ഞിരുന്നത്. എന്നാൽ അണക്കെട്ട് ഇപ്പോൾ തന്നെ 130 വർഷം പിന്നിട്ടു. ഇതാണ് കേരളത്തിലെ ജനങ്ങളെ ആശങ്കയിലാക്കുന്നത്. വിഷയത്തിൽ അടിയന്തരമായി ഇടപെട്ടുകൊണ്ട് ആശങ്ക പരിഹരിക്കണമെന്നാണ് കേന്ദ്രം,​ കേരള,​ തമിഴ്നാട് സർക്കാരുകളോട് അഭ്യർത്ഥിക്കുന്നതെന്ന് മർച്ചന്റസ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ എന്നതാണ് ഉപവാസ സമരത്തിലൂടെ ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യം. സമരത്തിന്റെ ഭാഗമായി മർച്ചന്റസ് അസോസിയേഷൻ ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നൽകും. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് രാജു തരണയിൽ, വർക്കിംഗ് പ്രസിഡന്റ് സാലി എസ്. മുഹമ്മദ്, ജനറൽ സെക്രട്ടറി സി.കെ. നവാസ്, അനിൽ പീടികപറമ്പിൽ, ടി.എൻ. പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു.