തൊടുപുഴ: നഗരസഭാ ഭരണം നഷ്ടമായതിന് പിന്നാലെ ജില്ലയിലെ യു.ഡി.എഫിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. എൽ.ഡി.എഫിൽ നിന്ന് നഗരസഭ ഭരണം തിരിച്ചു പിടിക്കാൻ കഴിയുമായിരുന്ന സുവർണാവസരം കളഞ്ഞു കുളിച്ചതിനെതിരെ പ്രവർത്തകരിലും അമർഷം പുകയുന്നുണ്ട്. കാലങ്ങളായുള്ള ജില്ലയിലെ കോൺഗ്രസ്- ലീഗ് ബന്ധത്തിനാണ് തിങ്കളാഴ്ച നടന്ന നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പോടെ വിള്ളൽ വീണത്. യു.ഡി.എഫ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അറിയിച്ചത്. എൽ.ഡി.എഫിന് വോട്ട് ചെയ്ത മുസ്ലിംലീഗ് പേടിപ്പിക്കാൻ നോക്കേണ്ടെന്നാണ് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു തിരിച്ചടിച്ചത്. ഇതോടെ എൽ.ഡി.എഫിനെതിരെയുള്ള സമരമുഖങ്ങളിൽ പോലും ഒറ്റക്കെട്ടായി നിന്ന രണ്ടു പാർട്ടികളും ഇനി വേറിട്ടുള്ള പ്രവർത്തനമായിരിക്കും നടത്തുക. എന്നാൽ അനുരഞ്ജന നീക്കവുമായി രണ്ടു പാർട്ടികളുടെയും സംസ്ഥാന നേതൃത്വം പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.
=19ന് യു.ഡി.എഫ് ജില്ലാ ചെയർമാന്മാർക്കും കൺവീനർമാർക്കുമായി ഒരു ശിൽപ്പശാല എറണാകുളത്ത് സംഘടിപ്പിക്കുന്നുണ്ട്. ഇവിടെ വെച്ച് വിഷയം ചർച്ച ചെയ്യാനാണ് ഇപ്പോൾ ആലോചിക്കുന്നത്.
കെ.പി.സി.സി അദ്ധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും വിഷയം ധരിപ്പിച്ചെന്നാണ് ഡി.സി.സി പ്രസിഡന്റ് പറയുന്നത്. ഇതിനിടെ പി.ജെ. ജോസഫ് എം.എൽ.എയും പ്രശ്നപരിഹാരത്തിനായി ഇടപെട്ടിരുന്നു. 22നാണ് വൈസ് ചെയർപേഴ്സണെതിരെ യു.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുക്കുന്നത്. അതിന് മുമ്പ് തർക്കം പരിഹരിക്കാനാണ് ശ്രമം. പ്രശ്നം മറ്റ് തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിക്കാതിരിക്കാനാണ് ആദ്യ ശ്രമം. നഗരസഭയുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജില്ലാ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും മുസ്ലിം ലീഗ് ജില്ലാ നേതൃത്വം പറഞ്ഞു.
തമ്മിൽ തല്ലിന് കാരണം
കൗൺസിലിൽ ഭൂരിപക്ഷം ഉള്ളതിനാൽ യു.ഡി.എഫ് ഭരണം പിടിക്കുമെന്നായിരുന്നു കരുതിയിരുന്നത്. ആദ്യ ആറ് മാസത്തെ ചെയർമാൻ സ്ഥാനം തങ്ങൾക്ക് വേണമെന്ന് ലീഗും കോൺഗ്രസും ആവശ്യപ്പെട്ടു. ഈ തർക്കത്തിന് തിരഞ്ഞെടുപ്പിന്റെ അന്നും പരിഹാരമായില്ല. തുടർന്ന് ഇരുകൂട്ടരും വെവ്വേറെ മത്സരിച്ചു. അവസാന റൗണ്ടിൽ അഞ്ച് ലീഗ് കൗൺസിലർമാർ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. ഇതോടെ ഭരണം എൽ.ഡി.എഫിന് കിട്ടി. കോൺഗ്രസ് മുന്നണി മര്യാദ പാലിച്ചില്ലെന്നും കൈക്കൂലി കേസിലെ പ്രതിയായ മുൻ ചെയർമാനെ കൂട്ടുപിടിച്ച് ജയിക്കാൻ ശ്രമിച്ചെന്നുമാണ് ലീഗ് ആരോപിക്കുന്നത്. എന്നാൽ, ലീഗുമായി ഇനിയൊരു വിട്ടുവീഴ്ചയ്ക്കില്ലെന്നും എൽ.ഡി.എഫിനെ പിന്തുണച്ച് മുന്നണിയെ അവർ ചതിക്കുകയായിരുന്നെന്നും കോൺഗ്രസും പറയുന്നു.