മൂന്നാർ: കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ക്ഷീരകർഷകർക്കായി സമഗ്ര ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നതിനായി പ്രൊപ്പോസൽ നൽകിയിട്ടുണ്ടെന്നും ഇതിന് ഏകദേശം 57 കോടി ചെലവ് പ്രതീക്ഷിക്കുന്നതായും ക്ഷീര വികസനമൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.മൂന്നാറിൽ ജില്ലാ ക്ഷീരകർഷക സംഗമത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പശുക്കളെ വാങ്ങുന്നതിന് കർഷകർക്ക് പലിശയില്ലാതെ ലോൺ ലഭ്യമാക്കുന്നതിനുളള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. കിടാരി പാർക്കുകൾ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്നും മന്ത്രിപറഞ്ഞു.
അഡ്വ. എ. രാജ എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ. മാരായ . എം.എം.മണി, വാഴൂർ സോമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ബിനു, എറണാകുളം മിൽമ മേഖലാ യൂണിയൻ ചെയർമാൻ എം ടി.ജയൻ, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ഇടുക്കിയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്മാർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ മറ്റ് പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സഹകരണ നേതാക്കൾ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ക്ഷീരസംഗമത്തിൽ സംസാരിച്ചു.
'ക്ഷീരോല്പാദനമേഖല മാറ്റങ്ങൾ അനിവാര്യം' എന്ന വിഷയത്തിൽ കേരള വെറ്ററിനറി സർവ്വകലാശാല അസി.പ്രൊഫസർ ഡോ. എസ് ആർ. ശ്യാം സൂരജ് പ്രഭാഷണം നടത്തി . ജില്ലയിലെ മികച്ച ക്ഷീരകർഷകനായി ഇളംദേശം ബ്ലോക്കിലെ ഷൈൻ കെ. ബി. യെയും മികച്ച ക്ഷീരകർഷകയായി തൊടുപുഴ ബ്ലോക്കിലെ നിഷ ബെന്നിയേയും തിരഞ്ഞെടുത്തു.ജില്ലയിലെ കൂടുതൽ പാലളന്ന ക്ഷീരസഹകരണ സംഘം ആപ്‌കോസായി ചെല്ലാർകോവിൽ ക്ഷീരസഹകരണ സംഘത്തേയും നോൺ ആപ്‌കോസ് സംഘമായി ലക്ഷ്മി ക്ഷീര സംഘത്തേയും തിരഞ്ഞെടുത്തു.
മിൽക്ക് വെൻഡിങ്ങ് മെഷീൻ
മൂന്നാറിൽ തുടങ്ങി
ഇരുപത്തിനാല് മണിക്കൂറം പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യ മിൽക്ക് വെൻഡിങ്ങ് മെഷീൻ മൂന്നാറിൽ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.ദേവികുളം ബ്ലോക്കിലെ ലക്ഷ്മി ക്ഷീരസഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നാർ ടൗണിന്റെ ഹ്യദയഭാഗത്ത് ആരംഭിച്ച മിൽക്ക് എ.ടി.എം ഉപഭോക്താക്കളുടെ സമയവും സൗകര്യവും അനുസരിച്ച് ഏത് സമയത്തും പാൽ വാങ്ങുന്നതിന് സഹായിക്കുന്നു.
. 10, 20, 50, 100 നോട്ടുകളിൽ ഏതെങ്കിലുമൊന്ന് യന്ത്രത്തിൽ നിക്ഷേപിച്ച് കുപ്പിയോ പാത്രമോ വച്ച് കൊടുത്താൽ കൊടുത്ത പൈസ പൈസക്കുള്ള പാൽ ലഭിക്കുന്നു. 200 ലിറ്റർ സംഭരണശേഷിയുള്ള മെഷീനാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നത്. 1000 ലിറ്ററോളം പാൽ ഒരു ദിവസം ഇതുവഴി ഗുണഭോക്താക്കളിലേ എത്തിക്കുക എന്നതാണ് ലക്ഷ്യം.
അഡ്വ. എ. രാജ എം. എൽ. എ , മച്ചിപ്ലാവ് ക്ഷീരസഹകരണ സംഘം പ്രസിഡണ്ട്. പോൾ മാത്യു,,കെ എസ് എം എസ് എ ജില്ലാ പ്രസിഡന്റ് കെ പി. ബേബി, .പാണ്ടിപ്പാറ ക്ഷീരസഹകരണ സംഘം പ്രസിഡന്റ് സോണി ചൊള്ളാമഠം , ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ .ശാലിനി ഗോപിനാഥ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡോളസ് പി. ഇ. അഞ്ജു കുര്യൻ, ജാസ്മിൻ സി. എ. തുടങ്ങിയവർ പങ്കെടുത്തു.