boat
ബോട്ട് സവാരി നിരോധനത്തേതുടർന്ന് തേക്കടി തടാകത്തിൽ വിശ്രമത്തിലായ ബോട്ടുകൾ

ബോട്ടിംഗ് നടത്താനാവുന്നില്ല

തൊഴിൽ നഷ്ടമായത് നൂറ്കണക്കിന് പേർക്ക്

റിസോർട്ടുകൾ പ്രതിസന്ധിയിൽ


കുമളി: കനത്ത മഴയും കാറ്റും, പ്രളയവും, മണ്ണിടിച്ചിലും ജില്ലയിലെ ടൂറിസം മേഖലക്ക് തിരിച്ചടിയായിമാറി.

വയനാട് ദുരന്തത്തേതുടർന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് നിലച്ചിട്ട് ആഴ്ചകളായി.കേരളത്തിലാകമാനം മണ്ണിടിച്ചിലും പ്രളയവുമാണെന്നാണ് അന്യസംസ്ഥാനങ്ങളിലെ ടൂറിസം രംഗത്ത്നടക്കുന്ന പ്രചരണം. മുൻകൂട്ടി ബുക്ക് ചെയ്ത ടൂറിസ്റ്റുകളിൽ മിക്കവരും ക്യാൻസൽ ചെയ്യുന്ന സ്ഥിതിയാണ്. നിലവിലുള്ളത് കൂനിൻമേൽ കുരുവെന്നോണം മഴമുന്നറിയിപ്പിനേ തുടർന്ന് ബോട്ടിംഗ് അടക്കമുള്ള വിനോദ പരിപാടികൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത് വിനോദ സഞ്ചാര മേഖലക്ക് കൂടുതൽ പ്രഹരമായി മാറി.


=തേക്കടി തടാകത്തിൽഇന്ന്വരെ ബോട്ടിംഗ് നിരോധനമാണ് നിലനിൽക്കുന്നത്. ടൂറിസം പാക്കേജിൽ നിന്ന് ബോട്ടിംഗ് ഒഴിവാക്കേണ്ടിവന്നതോടെ ഏറെ പ്രതീക്ഷയോടെ ബോട്ടിങ്ങിന് ബുക്ക് ചെയ്തവർ നിരാശരായി മടങ്ങുന്നു.

കുമളിയിലെ ഹോട്ടലുകൾ, ഹോം സ്റ്റേകൾ , വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സഞ്ചാരികളുടെ തിരക്കില്ല. മിക്ക ഹോട്ടലുകളിലും ഹോം സ്റ്റേകളിലും മുറികൾ ഒഴിഞ്ഞ് കിടക്കുന്നു. ജീവനക്കാർക്ക് വേതനം കണ്ടെത്താനുള്ള ഓട്ടത്തിലാണ് സ്ഥാപനങ്ങൾ.ഓട്ടോ, ടാക്സികൾക്ക് ഓട്ടവും കുറവ്. ടൂറിസ്റ്റ് ഗൈഡുകളടേയും സ്ഥിതിയും വ്യത്യസ്തമല്ല. ടാക്സി വാഹനങ്ങൾ ഉപജീവനമായി കണ്ടെത്തിയവർ വാഹനങ്ങളുടെ സി.സി കുടിശിക അടക്കാനും ബുദ്ധിമുട്ടിലായി. 150ലധികം ടൂറിസ്റ്റ് ടാക്സി വാഹനങ്ങളും അത്രത്തോളം തന്നെ ഹോട്ടലുകളും ഹോം സ്റ്റേകളും കുമളി പ്രദേശത്തുണ്ട്.

മൺസൂൺ

ടൂറിസവും നടന്നില്ല

സഞ്ചാരികളുടെ സുരക്ഷയ്ക്കായി വിവിധ സർക്കാർ വകുപ്പുകൾ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ ഈ മേഖലയെ പട്ടിണിയിലേക്ക് എത്തിച്ചിരിക്കുകയാണ്. എല്ലാ വർഷവും ലഭിച്ചുവന്നിരുന്ന മൺസൂൺ ടൂറിസവും നഷ്ടപ്പെട്ടത് ഈ മേഖലയിലെ പ്രവർത്തിക്കുന്നവർക്ക് കനത്ത പ്രഹരം ആയിരിക്കുകയാണ്. ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവർ കൂടുതൽ പേരും ദിവസ വേദനത്തിന് ജോലി ചെയ്യുന്നവരാണ്.പ്രാദേശിക ടൂറിസ്റ്റുകൾക്കൊപ്പം തന്നെ അയൽ സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന സഞ്ചാരികൾ ആയിരുന്നു ഇവരുടെ വരുമാനമാർഗ്ഗം.ടൂറിസ്റ്റുകൾ ഇല്ലാതായതോടെ ചെറുകിട കച്ചവടക്കാർ മുതൽ വൻകിട റിസോർട്ടുകൾ വരെ പ്രതിസന്ധിയിലായിരിക്കുകയാണ്.